Administrator
Administrator
എന്‍ഡോസള്‍ഫാന്‍: ഇന്ത്യ വീണ്ടും വേട്ടക്കാര്‍ക്കൊപ്പം
Administrator
Thursday 21st April 2011 8:48pm

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന നിര്‍ണ്ണായകമായ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ കീടനാശിനി നിരോധിക്കുന്നതിന് എതിരായി നിലപാടെടുക്കുമെന്ന് ഉറപ്പായി. രാജ്യത്തുയര്‍ന്ന കടുത്ത പ്രതിഷേധം വകവെക്കാതെയാണ് ഇന്ത്യ ഈ നിലപാടെടുക്കുന്നത്. ഏപ്രില്‍ 25ന് തുടങ്ങുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ (പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്‌സ് പൊല്യൂറ്റന്റ് കോണ്‍ഫറന്‍സ്)’ ഇന്ത്യയെടുക്കുന്ന  നിലപാടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ ഡൂള്‍ന്യൂസിന് ലഭിച്ചു. രാജ്യത്തെ ഭരണകൂടത്തിന് സ്വന്തം ജനതയോട് എന്ത് ഉത്തരവാദിത്തമാണുള്ളതെന്ന് ഈ രേഖകള്‍ വിളിച്ചു പറയുന്നു. അത് ഞങ്ങള്‍ വായനക്കാരുമായി പങ്ക് വെക്കുന്നു.

അതിനാല്‍ ഇന്ത്യ അനുകൂലിക്കുന്നു…

എന്‍ഡോസള്‍ഫാന് അനുകൂലമായി തീരുമാനമെടുക്കാന്‍ നിരവധി കാരണങ്ങളാണ് ഇന്ത്യ നിരത്തിയിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് ഇവയാണ്.

1.കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിട്ടുണ്ടെന്ന വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ കാസര്‍ക്കോട്ടെ പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് മൂലമല്ലെന്ന് കേന്ദ്രം നിയോഗിച്ച സമിതികളെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്..

2.എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ കര്‍ശനമായ സൂരക്ഷാ മുന്‍കരുതലുകളെടുത്താല്‍ പ്രശ്‌നമുണ്ടാവില്ല.

3.വോട്ടിംങ്ങിലൂടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന തീരുമാനം അംഗീകരിക്കാനുള്ള സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തുന്നതിന് തുല്യമാണ്. എന്‍ഡോസള്‍ഫാന് ബദലായി സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ നിര്‍ദേശിച്ച കീടനാശികള്‍ക്ക് ഗുണം കുറവും വില കൂടുതലുമാണ്.

നിലവില്‍ കേരളത്തിലെ സ്ഥിതി ഇതാണ്…

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ സംസ്ഥാനവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് എന്‍ഡോസള്‍ഫാന്‍,അത് എത് രൂപത്തിലായാലും ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്.

കേന്ദ്രനടപടി ഇതുവരെ

എന്‍ഡോസള്‍ഫാനെക്കുറിച്ചുള്ള വിവാദം പുറത്തുവന്നതുമുതല്‍ വിഷയത്തില്‍ കേന്ദ്രം എടുത്തിട്ടുള്ള നടപടികളെക്കുറിച്ചെല്ലാം കൃഷിമന്ത്രാലയത്തിന്റെ രേഖയില്‍ വിശദീകരിക്കുന്നുണ്ട്.

1991ല്‍ എസ്.എന്‍ ബാനര്‍ജി കമ്മറ്റിയും 99ല്‍ ആര്‍.ബി സിംഗ് കമ്മറ്റിയും 2003ല്‍ ദുബെ കമ്മറ്റിയും 2004ല്‍ മായി കമ്മറ്റിയും എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിച്ചെന്നും ഈ സമതിയിലൊന്നുപോലും കീടനാശിനിക്ക് എതിരായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതില്‍ തന്നെ മായി കമ്മറ്റിയുടെ കണ്ടെത്തലുകളെ ഏറെ പ്രാധാന്യത്തോടെയാണ് രേഖയില്‍ എടുത്തുപറയുന്നത്. കാസര്‍ക്കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെക്കുറിച്ച് സമിതി വിശദമായി പഠിച്ചുവെന്നും എന്‍ഡോസള്‍ഫാന്‍ തുടര്‍ന്ന് ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കൃഷിമന്ത്രാലയം സമര്‍ത്ഥിക്കുന്നു.

കൂടാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ നടപടികള്‍ കൈക്കൊള്ളുമെന്നും രേഖയില്‍ പറയുന്നുണ്ട്.

എന്‍ഡോസള്‍ഫാന് പകരമെന്ത്?

മറ്റ് രാസവസ്തുക്കളേയും കീടനാശിനികളേയും അപേക്ഷിച്ച് എന്‍ഡോസള്‍ഫാന്റെ നേട്ടങ്ങള്‍ നിരത്താനും കൃഷിമന്ത്രാലയം ശ്രമിച്ചിട്ടുണ്ട്. ക്ലോറോപിറിഫോസ്, മോണോക്രോപ്‌റ്റോഫോസ്, ക്വിനല്‍ഫോസ്, മാലത്തിയോണ്‍ എന്നീ കീടനാശിനികളേക്കാളും എത്രയോ മെച്ചമാണ് എന്‍ഡോസള്‍ഫാനെന്നാണ് മന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്.

81 മുതല്‍ കാസര്‍ക്കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ മരുന്നടിയെക്കുറിച്ചുള്ള ഒരു ലഘുവിവരണം കൃഷിമന്ത്രാലയം നല്‍കിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നിന്നും മരുന്നടിച്ചതാണ് കാസര്‍ക്കോട്ട് പ്രശ്‌നമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ മുന്‍കരുതലുകളൊന്നും കൂടാതെയാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്നും രേഖയില്‍ വ്യക്തമാകുന്നുണ്ട്.

സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് വിശദീകരിക്കുന്ന രേഖകള്‍

Advertisement