Categories

സ്റ്റീവ് ജോബ്‌സ്-മരണത്തിന് മുന്‍പ് എങ്ങിനെ ജീവിക്കാം

steve jobs

റഫീഖ് മൊയ്തീന്‍

‘സെമിത്തേരിയിലെ ഏറ്റവും സമ്പന്നനായ ആളാകുന്നതല്ല എന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യം. ഓരോ ദിവസവും രാത്രി ബെഡിലേക്ക് പോകുമ്പോള്‍ അത്ഭുതകരമായ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുവോ എന്നതാണ് എനിക്ക് പ്രധാനം.’ 1993 മെയ് 25ന് ദി വാള്‍ സ്ട്രീറ്റ് ജേണലിന് (The Wall street Journal) നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് ജോബ്‌സ് പറഞ്ഞ വാക്കുകളാണിത്. ടെക് ലോകത്തെ രാജാവായ സ്റ്റീവ് പോള്‍ ജോബ്‌സിന്റെ മരണത്തിലൂടെ ദീര്‍ഘദര്‍ശിയായ ഒരു മനുഷ്യനെയാണ് ലോകത്തിന് നഷ്ടപ്പെട്ടത്. കറുപ്പ് നിറത്തില്‍ നീളന്‍ കൈയ്യുള്ള ടീ ഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യന്‍ ഇതിഹാസം തന്നെയായിരുന്നു. അസാമാന്യമായ ഇഛാശക്തിയും കഠിനപ്രയ്തനവും മൂലം മരണത്തിന് മുന്‍പ് ഒരു മനുഷ്യന് എങ്ങിനെ ജീവിക്കാം എന്ന് സ്റ്റീവ് ജോബ്‌സ് ലോകത്തിന് കാണിച്ചു തന്നു.

1955 ഫെബ്രുവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സിറിയന്‍ വംശജനായ അബ്ദുല്‍ ഫത്താഹ് ജോ ജന്‍ഡാലിയുടെയും ജൊവാന്‍ കരോലിന്റെയും മകനായിട്ടായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജനനം. സാമ്പത്തിക പരാധീനതകള്‍ മൂലം ബുധിമുട്ടിലായിരുന്ന മാതാപിതാക്കള്‍ ജോബ്‌സിനെ ദത്ത് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദത്തെടുക്കാന്‍ തയ്യാറായി ആദ്യമെത്തിയത് ഒരു സമ്പന്ന കുടുംബമായിരുന്നു. പക്ഷേ steve jobsവേണ്ടത് പെണ്‍കുഞ്ഞിനെ ആണെന്ന് പറഞ്ഞ് അവര്‍ പോയി. പിന്നീട് സാമ്പത്തികമായി അത്ര പുരോഗതിയില്ലാത്ത പോള്‍ ജോബ്‌സ്, ക്ലാര ദമ്പതികള്‍ വരികയും അവര്‍ ജോബ്‌സിനെ ദത്തെടുക്കുകയുമായിരുന്നു. പോള്‍ ജോബ്‌സ് ആണ് സ്റ്റീവ് എന്ന് പേരിട്ടത്.

കാലിഫോര്‍ണിയയിലെ ഹോംസ്‌റ്റെഡ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്തു തന്നെ സാങ്കേതികമായ അഭിരുചികള്‍ സ്റ്റീവ് ജോബ്‌സ് പ്രകടമാക്കിയിരുന്നു. ഈസമയത്ത് ഹ്യൂവ്‌ലെറ്റ് പക്കാര്‍ഡ് എന്ന കമ്പനിയില്‍ സ്റ്റീവ് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ആപ്പിള്‍ കമ്പനിയുടെ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയാക്കുമായി പരിചയപ്പെടുന്നത്.

1972 ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പോര്‍ട്‌ലാന്‍ഡിലെ റീഡ് കോളേജില്‍ കാലിഗ്രാഫി പഠനത്തിനു ചേര്‍ന്നു. തുടര്‍പഠനത്തിനായി പിന്നീട് റീഡ് കേളേജില്‍ ചേര്‍ന്നതാണ് സ്റ്റീവ് ജോബ്‌സിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പക്ഷേ ആറ് മാസം കഴിഞ്ഞപ്പോഴേക്കും ആദ്യ സെമസ്റ്ററില്‍ തന്നെ സ്റ്റീവ് കേളേജിനു പുറത്തായി. കോളജ് ഉപേക്ഷിച്ച് പോവാന്‍ തയ്യാറാവാതെ കോളേജിനെ ചുറ്റിപ്പറ്റി സ്റ്റീവ് ജീവിച്ചു.

ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറികളിലെ മൂലയിലായിരുന്നു താമസം. സമീപത്തുള്ള ക്ഷേത്രത്തില്‍ നിന്നുള്ള സൗജന്യ ഭക്ഷണം കൊണ്ട് സ്റ്റീവ് പിടിച്ചു നിന്നു. നിത്യവൃത്തിക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചു വിറ്റു. കോളേജിലെ പാര്‍ട് ടൈം കാലിഗ്രഫി ക്ലാസുകളെയായിരുന്നു സ്റ്റീവ് ആശ്രയിച്ചിരുന്നത്. ബാല്യത്തിലെയും കൗമാരത്തിലെയും തന്റെ ദുരിതം നിറഞ്ഞ ജീവിതത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ജോബ്‌സ് പറയുമായിരുന്നു.

തന്റെ ജനനവും ദത്തെടുക്കലുംsteve jobs പോലെ അപ്രതീക്ഷിതവും കഠിനമെങ്കിലും അത്ഭുതകരമായ സംഭവ വികാസങ്ങളിലൂടെ ആയായിരുന്നു സ്റ്റീവിന്റെ കോളേജ് ജീവിതവും. അന്ന് താന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെടുകയും പാര്‍ട് ടൈം കാലിഗ്രാഫി ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ മാകിന്റോഷില്‍ മള്‍ട്ടിപ്പിള്‍ ടൈപ്‌ഫേസുകളോ കൃത്യതയുള്ള ഫോണ്ടുകളോ ഉണ്ടാകുമായിരുന്നില്ലെന്നു സ്റ്റീവ് ജോബ്‌സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

1970ലാണ് മൈക്ക് മര്‍ക്കുല, സ്റ്റീവ് വൊസ്‌നിയാക്ക് എന്നീ കൂട്ടുകാര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗ്യാരേജില്‍ ‘ആപ്പിള്‍’ എന്ന കമ്പനിക്ക് സ്റ്റീവ് ജോബ്‌സ് തുടക്കം കുറിക്കുന്നത്. 1974ല്‍ വീഡിയോ ഗെയിം നിര്‍മാതാക്കളായ അടാരിയില്‍ ടെക്‌നീഷ്യനായി സ്റ്റീവ് ജോലിക്ക് ചേര്‍ന്നു. ഇന്ത്യയിലേക്ക് തീര്‍ഥയാത്ര പോകാനായി പണം സമ്പാദിക്കുന്നതിനു വേണ്ടിയാണു ജോലിക്കു ചേര്‍ന്നത്. സുഹൃത്തിനോടൊപ്പം ഇന്ത്യയിലെത്തിയ സ്റ്റീവ് ബുദ്ധമതത്തില്‍ ആകൃഷ്ടനായി. അടാരിയില്‍ നിന്ന് ആര്‍ജ്ജിച്ച ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ആപ്പിള്‍ എന്ന കമ്പനിയുടെ കുതിപ്പിന് ഊര്‍ജ്ജമായത്.

പത്ത് വര്‍ഷം കൊണ്ട് 20 ലക്ഷം ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. സ്റ്റീവിന് 29 വയസ്സുള്ളപ്പോഴാണ് സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ടു കൊണ്ട് ആപ്പിളില്‍ നിന്ന് മക്കിന്‍ടോഷ് പുത്തുവരുന്നത്. അധികാര വടംവലിയെ തുടര്‍ന്ന് 1985ല്‍ കമ്പനിയില്‍ നിന്ന് സ്റ്റീവ് ജോബ്‌സ് പുറത്തായി. ഈ കാലത്താണ് കംപ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്സ്റ്റും പിക്‌സറും അദ്ദേഹം ആരംഭിച്ചത്.

ലൂക്കാസ് ഫിലിംസിനെ സ്വന്തമാക്കിയ ജോബ്‌സ്, പിക്‌സറിനെ പിക്‌സര്‍ ആനിമേഷന്‍ സ്റ്റുഡിയോയാക്കി. പിക്‌സര്‍ ആനിമേഷനെ പിന്നീട് വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുത്തു. അതോടെ ജോബ്‌സ് വാള്‍ട്ട് ഡിസ്‌നി കമ്പനിയിലെ steve jobsഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായി. 1996ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെ 1997ല്‍ കമ്പനിയുടെ മേധാവിയായാണ് സ്റ്റീവ് തിരിച്ചെത്തിയത്. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമെന്ന് സ്റ്റീവ് ജോബ്‌സ് പറഞ്ഞിരുന്നു.

സ്റ്റീവ് ആപ്പിളില്‍ തിരിച്ചെത്തിയതു മുതല്‍ പിന്നീടിങ്ങോട്ട് ആപ്പിള്‍ യുഗമായിരുന്നു. ആപ്പിളിന്റെ മാത്രമല്ല, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ രംഗത്തെയും വിപ്ലവകരമായ മാറ്റത്തിന്റെ കാലമായിരുന്നു. സ്റ്റീവിന്റെ കണ്ടുപിടുത്തങ്ങള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ മാറ്റിമറിച്ചു. പ്രതീക്ഷകള്‍ക്കപ്പുറത്ത് സ്വപ്‌നം കാണുന്നതിനെ മാക്കും ഐ പോഡും ഐ ഫോണും ഐ പാഡും യാഥാര്‍ത്ഥ്യമാക്കുന്നത് കണ്ട് ലോകം ഞെട്ടി. സമാനതകളില്ലാത്ത ഈ ഉല്‍പന്നങ്ങളെല്ലാം ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.

കാറുകളില്‍ ബെന്‍സും ബി.എം.ഡബ്ല്യുവും പോലെ മൊബൈലില്‍ അവസാന വാക്കായി ഐ ഫോണ്‍ മാറി. ലോകം ഒരു സ്പര്‍ശത്തിലൊതുക്കി വെച്ചായിരുന്നു ഐ പാഡ് വന്നത്. വ്യക്തിഗത കമ്പ്യൂട്ടിംഗിന്റെ പുതുയുഗം സമ്മാനിച്ച് ലോകജനതയുടെ വിനോദ വ്യവസായത്തിന്റെയും ആശയവിനിമയത്തിന്റെയും പരമ്പരാഗത കാഴ്ചപ്പാടുകള്‍ സ്റ്റീവ് തിരുത്തിക്കുറിച്ചു. അന്ന് ആപ്പിള്‍ തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് സ്റ്റീവ് പറഞ്ഞിരുന്നു.

ആപ്പിളിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഈ മനുഷ്യന്റെ ധിഷണാപാഠവമാണ്. പതിനഞ്ച് വര്‍ഷത്തോളം ആപ്പിളിന്റെ എല്ലാമായിരുന്ന സ്റ്റീവ് ജോബ്‌സാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയാക്കി മാറ്റിയത്. ലോകത്തില്‍ ഏറ്റവും കുറച്ചു ശമ്പളം വാങ്ങുന്ന സി.ഇ.ഒമാരില്‍ ഒരാളായിരുന്നു സ്റ്റീവ് ജോബ്‌സ്. വര്‍ഷം ഒരു ഡോളറായിരുന്നത്രെ സ്റ്റീവിന്റെ ശമ്പളം! ‘ഒരു ഡോളറില്‍ 50 സെsteve jobsന്റ് കമ്പനിയില്‍ വരുന്നതിനും ബാക്കി 50 സെന്റ് എന്റെ പ്രകടനത്തിനും’ എന്നാണ് സ്റ്റീവ് ഇതിനെക്കുറച്ച് പറഞ്ഞത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 24ന് ആയിരുന്നു സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ മേധാവിപദം ഒഴിഞ്ഞത്. സ്റ്റീവ് ആപ്പിളില്‍ നിന്നും അനാരോഗ്യം മൂലം പടിയിറങ്ങിയപ്പോള്‍ ‘യുഗാന്ത്യം’ എന്നാണ് ലോകമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

അര്‍ബുദബാധയെ തുടര്‍ന്ന് 2004 മുതല്‍ സ്റ്റീവ് ജോബ്‌സ് ചികിത്സയിലായിരുന്നു. പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിച്ച അര്‍ബുദമായിരുന്നു അദ്ദേഹത്തിന്. (അര്‍ബുദരോഗത്തില്‍ വിരളമായി മാത്രം കണ്ടുവരുന്ന ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍.) 2004ല്‍ തന്നെ പാന്‍ക്രിയാസ് ക്യാന്‍സറിനുള്ള ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. 2009 ല്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കും വിധേയനായി. ശസ്ത്രക്രിയയെ തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നു.

ആപ്പിളിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണസമയ ഇടപെടല്‍ സാധ്യമാകാതെ വന്നപ്പോള്‍ കമ്പനി സി.ഇ.ഒ സ്ഥാനത്തു നിന്ന് അദ്ദേഹം മാറി നിന്നു. രോഗത്തില്‍ നിന്നും പൂര്‍ണമായി മോചിതനാകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ആഗസ്തില്‍ അദ്ദേഹം ഔദ്യോഗികമായി രാജിവെച്ചത്. 2011 ഫെബ്രുവരിയിലാണ് സ്റ്റീവ് കാന്‍സര്‍ ബാധിതനാണെന്നു പുറംലോകം അറിഞ്ഞത്. ഡോക്ടര്‍മാര്‍ ആറ് ആഴ്ച മാത്രം ജീവിത ദൈര്‍ഘ്യം കല്‍പിച്ച സ്റ്റീവ് ജോബ്‌സ് 4 മാസം കഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.

steve jobsസ്റ്റീവ് ജോബ്‌സ് പറഞ്ഞു: ‘ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അതു അങ്ങനെ തന്നെ ആയിരിക്കണം.’

കൃത്യമായ മരണകാരണം വെളിപ്പെടുത്താതെ ആപ്പിള്‍ തന്നെയാണ് സ്റ്റീവിന്റെ മരണവിവരം ബുധനാഴ്ച രാത്രിയോടെ പുറംലോകത്തെ അറിയിച്ചത്. സ്റ്റീവ് ജോബ്‌സിന്റെ മരണം സമാനതകളില്ലാത്ത ഒന്നിന്റെ അന്ത്യമാണെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ അന്‍പതോ നൂറോ വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും മികച്ച കമ്പനി മേധാവിയായി ആപ്പിളിന്റെ മുഖ്യ എതിരാളിയായ ഗൂഗിളിന്റെ ചെയര്‍മാന്‍ എറിക് ഷ്മിഡ്ത് തിരഞ്ഞെടുത്തത് സ്റ്റീവ് ജോബ്‌സിനെയായിരുന്നു. സിലിക്കണ്‍ വാലിയുടെ ഇതിഹാസം ഓര്‍മ്മയാകുമ്പോള്‍ ആപ്പിളിന്റെ ഭാവിയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.

One Response to “സ്റ്റീവ് ജോബ്‌സ്-മരണത്തിന് മുന്‍പ് എങ്ങിനെ ജീവിക്കാം”

  1. Babu

    It is clear that he knows very well Christianity from adopted parents and know or at least heard about from his original parents religion Muslim religion, but he liked Indian religion Buddhism.
    If this Genius live with original parents and continue their religion, He will not become so famous and he can’t contribute any thing for human kind, may be shape of present computers in different form

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.