Administrator
Administrator
ആപ്പിള്‍ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ് അന്തരിച്ചു
Administrator
Thursday 6th October 2011 9:44am

steve-jobs ആപ്പിള്‍ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ് അന്തരിച്ചുലോസ്ആഞ്ചല്‍സ്: വിവരസാങ്കേതിക രംഗത്തെ അധികായനും ആപ്പിളിന്റെ മുന്‍ മേധാവിയുമായ സ്റ്റീവ് ജോബ്‌സ് അന്തരിച്ചു. ഐപോഡ്, ഐഫോണ്‍ മുതലായ സംവിധാനങ്ങള്‍ അവതരിപ്പിച്ച് ലോകജനതയുടെ വിനോദവ്യവസായത്തിന്റെയും ആശയവിനിമയത്തിന്റെയും പരമ്പരാഗത കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതിയ 56 കാരനായ സ്റ്റീവ് ജോബ്‌സിന്റെ മരണം സമാനതകളില്ലാത്ത ഒരു ടെക്‌നോക്രാറ്റിന്റെ അന്ത്യമാണ്. സിലിക്കണ്‍ വാലി ഇതിഹാസമെന്ന് അറിയപ്പെടുന്ന സ്റ്റീവ് അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

2004ല്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് സ്റ്റീവ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്ന, അര്‍ബുദരോഗത്തില്‍ അത്യപൂര്‍വ്വമായുണ്ടാകുന്ന ന്യൂറോ എന്‍ഡേക്രൈന്‍ ട്യൂമറായിരുന്നു സ്റ്റീവിന്. സാധാരണഗതിയില്‍ ക്യാന്‍സറിന് നല്‍കുന്ന കീമോ തെറാപ്പി, റേഡിയേഷന്‍ ട്രീറ്റ്‌മെന്റ് എന്നിവയൊന്നും ആവശ്യമില്ലെന്നും സ്റ്റീവ് പൂര്‍ണമായും രോഗവിമുക്തനാണെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, 2009ല്‍ ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ സ്റ്റീവ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഹോര്‍മോണ്‍ ചികിത്സക്കും തുടര്‍ന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയനായെങ്കിലും സ്റ്റീവിന് ജീവന്‍ നീട്ടിക്കിട്ടിയില്ല.

1976 ല്‍ താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച ആപ്പിളില്‍ നിന്ന് പുറത്തുപോയ അദ്ദേഹം, 1997 ലാണ് വീണ്ടും കമ്പനിയിലേക്ക് തിരിച്ചെത്തിയത്. മരുന്നുകളോട് ശരീരം പ്രതികരിക്കാതായപ്പോള്‍ തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സ്റ്റീവ് 2011 ഓഗസ്റ്റില്‍ കമ്പനിയുടെ നേതൃസ്ഥാനം ഒഴിയുകയായിരുന്നു. സ്റ്റീവ് പറഞ്ഞതു പോലെ ഒടുവില്‍ മരണം അദ്ദേഹത്തെയും കീഴടക്കുകയായിരുന്നു. ‘മരണം അന്തിമവിധിയാണ്. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അതു അങ്ങനെ തന്നെ ആയിരിക്കണം.’ അവസാന ദിവസങ്ങള്‍ അദ്ദേഹം ബാക്കിവച്ചുപോയ വാക്കുകളായിരുന്നു ഇത്.

Advertisement