Categories

പ്രപഞ്ചത്തില്‍ തമോഗര്‍ത്തങ്ങള്‍ ഇല്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ്

hawking

ലണ്ടന്‍: പ്രപഞ്ചത്തില്‍ തമോഗര്‍ത്തങ്ങള്‍ ഇല്ലെന്ന് ആധുനിക തമോഗര്‍ത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ സ്റ്റീഫന്‍ ഹോക്കിങ്.

ഭീമന്‍ നക്ഷത്രങ്ങള്‍ ചുരുങ്ങിയാണ് തമോഗര്‍ത്തങ്ങള്‍  രൂപം കൊള്ളുന്നത്.

അനന്തമായ ഗുരുത്വാകര്‍ഷണത്താല്‍ പ്രകാശത്തിന് പോലും പുറത്തുകടക്കാനാവാത്ത പ്രാപഞ്ചിക കെണികളായാണ് തമോഗര്‍ത്തത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ആല്‍ബര്‍ട്ട് ഐന്‍സറ്റീനിന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനം.

തമോഗര്‍ത്തങ്ങളെ നിലനില്‍ക്കാന്‍ സഹായിക്കുന്നത് സംഭാവ്യതാ ചക്രവാളമാണ്.

എന്നാല്‍, സംഭാവ്യതാ ചക്രവാളം എന്ന സംഗതിയേ ഇല്ലെന്നാണ് ഹോക്കിങ് ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്. സംഭാവ്യതാ ചക്രവാളമില്ലെങ്കില്‍, തമോഗര്‍ത്തവുമില്ലെന്നാണ്  ഹോക്കിങ് പറയുന്നത്.

‘താല്‍ക്കാലികമായി’ ദ്രവ്യത്തെയും ഊര്‍ജത്തെയും പിടിച്ചുനിര്‍ത്തുന്ന ‘താത്ക്കാലിക ചക്രവാളങ്ങള്‍’ മാത്രമേയുള്ളൂ. പിന്നീട് ദ്രവ്യവും ഊര്‍ജവും മോചിപ്പിക്കപ്പെടും. അതിനാല്‍, തമോഗര്‍ത്തങ്ങളല്ല; ‘തവിട്ടുഗര്‍ത്തങ്ങള്‍’ (ഗ്രേ ഹോള്‍സ്) ആണ് പ്രപഞ്ചത്തിലുള്ളതെന്നും അദ്ദേഹം വാദിക്കുന്നു.

‘ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തമനുസരിച്ച് തമോഗര്‍ത്തത്തില്‍ നിന്ന് ഒന്നിനും രക്ഷപ്പെടാനാകില്ല. എന്നാല്‍, ക്വാണ്ടം സിദ്ധാന്തമനുസരിച്ച് ഊര്‍ജത്തിനും വിവരങ്ങള്‍ക്കും തമോഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാനാകും’  ഹോക്കിങ് ചൂണ്ടിക്കാട്ടി.

സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജോസഫ് പോള്‍ചിന്‍സ്‌കിയും സംഘവും രണ്ടുവര്‍ഷംമുമ്പ് മുന്നോട്ടുവെച്ച ‘ബ്ലാക്ക് ഹോള്‍ ഫയര്‍വാള്‍ പ്രശ്‌നം’ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, സംഭാവ്യതാചക്രവാളം ഇല്ലെന്നും, അതിനാല്‍ തമോഗര്‍ത്തങ്ങളും യാഥാര്‍ഥ്യമല്ലെന്നുമുള്ള നിഗമനത്തില്‍ ഹോക്കിങ് എത്തിയത്.

‘ആര്‍ക്‌സൈവ്’ എന്ന ഓണ്‍ലൈന്‍ ശേഖരത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ്  ശാസ്ത്രലോകത്തിന് ഏറെ ആകാംക്ഷയുയര്‍ത്തുന്ന പുതിയ നിഗമനം ഹോക്കിങ് മുന്നോട്ടുവെച്ചിട്ടുള്ളത്.

Tagged with: