ബറാബങ്കി : പണപ്പെരുപ്പം ഉയരുന്നതിനെ അനുകൂലിച്ച കേന്ദ്ര മന്ത്രി ബേണി പ്രസാദ് വര്‍മ്മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പണപ്പെരുപ്പം രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് മന്ത്രി ലക്‌നൗവിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞത്.

Ads By Google

Subscribe Us:

പണപ്പെരുപ്പം മൂലം കാര്‍ഷിക ഉത്പന്നങ്ങളുടെ വില ഉയരുമെന്നതിനാല്‍ താന്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് കേന്ദ്ര ഉരുക്കുമന്ത്രിയായ ബേണി പ്രസാദ് വര്‍മ്മ പറഞ്ഞത്. ഉത്പന്നങ്ങള്‍ക്ക് വിലകൂടുന്നത് കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ അരി, പച്ചക്കറി, ദാല്‍, ആട്ട, തുടങ്ങി എല്ലാത്തിന്റേയും വില വര്‍ധിക്കുകയാണ്. കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും. ഈ വിലവര്‍ധനവില്‍ തനിക്ക് സന്തോഷമുണ്ട്’. ബേണി പ്രസാദ് പറഞ്ഞു.

നാണയപ്പെരുപ്പവും വിലക്കയറ്റവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസരത്തിലാണ് വിചിത്ര പ്രസ്താവനയുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്. വിലക്കയറ്റം മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്നത് കോണ്‍ഗ്രസ്സ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോണ്‍ഗ്രസ്സ് നേതാക്കളെ വിലക്കയറ്റം ബാധിച്ചിട്ടില്ലെന്നും ബി.ജെ.പി. നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ബേണിയുടെ പ്രസ്താവന ചിരിക്കാനുള്ള വകയാണെന്നാണ് സി.പി.ഐ. നേതാവ് ഡി. രാജ പറഞ്ഞത്.