എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്തെ തടവുകാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നു
എഡിറ്റര്‍
Saturday 30th June 2012 10:42am

തിരുവനന്തപുരം : സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലെ വേതനമായ 57 രൂപയില്‍ നിന്നും 117 രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ജയില്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ജയിലില്‍ കഠിന ജോലികള്‍ ചെയ്യുന്ന തടവുകാരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പ് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നു. രണ്ട് മാസം മുന്‍പ് നല്‍കിയ ശുപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അടുത്ത കാലത്തായി ജയിലില്‍ ഏറെ വരുമാനമുണ്ടാക്കിയ ചപ്പാത്തി നിര്‍മ്മാണത്തിലെ തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വേതനം വര്‍ദ്ധിപ്പിക്കുക. തുടര്‍ന്ന് എല്ലാ തടവുകാരുടേയും വേതനം വര്‍ദ്ധിപ്പിക്കും.

നിലവില്‍ തിരുവന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്  ജില്ലകളിലെ ജയിലുകളിലാണ് ചപ്പാത്തി നിര്‍മ്മാണം നടക്കുന്നത്. ദിനം പ്രതി 1,60,000 രൂപയാണ് ഇതിലൂടെ ലഭിക്കുന്ന വരുമാനം. വരുമാനത്തിന്റ ഒരു പങ്ക് തടവുകാര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തടവുകാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത്.

സംസ്ഥാനത്തെ 10 ജയിലുകളില്‍ കൂടി ചപ്പാത്തി നിര്‍മ്മാണം നടപ്പിലാക്കാന്‍ ജയില്‍ വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിനായി തടവുകാരുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യവും വേതനവര്‍ദ്ധനയ്ക്ക് പിന്നിലുണ്ട്.

Advertisement