മലപ്പുറം: 53 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാം സ്ഥാനത്ത്. 232 പോയിന്റാണ് കോഴിക്കോടിനുള്ളത്.

222 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 218 പോയിന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Ads By Google

ഇന്ന് ഉച്ചയോടുകൂടിയേ മത്സരഫലത്തില്‍ മാറ്റമുണ്ടാവുകയുള്ളൂ. ആതിഥേയരായ മലപ്പുറം അഞ്ചാം സ്ഥാനത്താണുള്ളത്.

ഒപ്പന, കഥകളി, തിരുവാതിര, മാര്‍ഗം കളി, ചവിട്ടുനാടകം എന്നിവയാണ് ഇന്ന് നടക്കുന്ന പ്രധാന മത്സരങ്ങള്‍. കലോത്സവത്തില്‍ ഇതാദ്യമായാണ് ചവിട്ടുനാടകം മത്സരത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന നാടക മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇരിട്ടി എടൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച ‘പൊറോട്ട’ എന്ന നാടകം ഒന്നാം സ്ഥാനം നേടി. തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ രണ്ടാം സ്ഥാനവും കാസര്‍ഗോഡ് വെള്ളിക്കോത്ത് എം.പി. എസ്.ജി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ഗാനമേളയില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ ഒന്നാം സ്ഥാനവും കോട്ടയം മൗണ്ട് കാര്‍മല്‍ രണ്ടാം സ്ഥാനവും ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ മൂന്നാം സ്ഥാനവും നേടി. 17 വേദികളിലായി 232 മത്സരങ്ങളാണ് ഇത്തവണ കലോത്സവത്തില്‍ അരങ്ങേറുന്നത്.