എഡിറ്റര്‍
എഡിറ്റര്‍
പാലക്കാടന്‍ മണ്ണില്‍ കൗമാര കലാവസന്തത്തിന് ഔദ്യോഗിക തുടക്കം
എഡിറ്റര്‍
Sunday 19th January 2014 3:32pm

kalolsavam

പാലക്കാട്: അമ്പത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പാലക്കാടന്‍ മണ്ണില്‍ ഔദ്യോഗിക തുടക്കമായി.  പ്രധാന വേദിയായ ‘മഴവില്ലില്‍’ നടന്ന ചടങ്ങില്‍ വെബ്‌സ്‌ക്രീനിങ് വഴിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  കലോത്സവം ഉദ്ഘാടനം ചെയ്തത്.

വിജയത്തേക്കാള്‍ കഴിവുകള്‍ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതായി കാണണമെന്ന് മുഖ്യമന്ത്രി കുട്ടികളോട് പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണമാണ് ഇക്കുറി കലോത്സവത്തിന്റെ പ്രധാന പ്രമേയമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ചലചിത്ര താരം ബാലചന്ദ്ര മേനോന്‍ മുഖ്യ അതിഥിയായിരുന്നു.

രചനാ മത്സരങ്ങള്‍ക്ക് പുറമെ വിവിധ വേദികളിലായി മോഹിനിയാട്ടം, നാടന്‍പാട്ട്, കേരളനടനം, മൂകാഭിനയം, നാടോടി നൃത്തം, ഗാനാലാപനം എന്നീ മത്സരങ്ങളാണ ഇന്ന് നടക്കുക.

പതിനെട്ട് വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം മത്സരാര്‍ത്ഥികളുണ്ടാകും. മോയന്‍സ് ഹൈസ്‌കൂള്‍ മുറ്റത്ത് പതാക ഉയര്‍ന്നതോടെയാണ് കലോത്സവത്തിന് തുടക്കമായത്.

പാലക്കാടിന്റെ കലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സാംസ്‌കാരിക ഘോഷയാത്ര ഉച്ചക്ക് രണ്ടിന് ശേഷം വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദി മഴവില്ലിന് സമാപിച്ചതിന് ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.

കലോത്സവത്തിന്റെ നടത്തിപ്പിനായി ആയിരം പോലീസുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും മറ്റുമായി 30 ബസുകള്‍ അധിക സര്‍വ്വീസ് നടത്തും.

കേരളത്തിനകത്തും പുറത്ത് നിന്നുമായി എഴുനൂറോളം വിധികര്‍ത്താക്കളാണ് മേളക്കെത്തുക. മത്സരസമയത്ത് വിധികര്‍ത്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. 25ന് വൈകുന്നേരം നാലുമണിക്കാണ് കലോത്സവം സമാപിക്കുക.

Advertisement