തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താമെന്ന് അറിയിച്ചാണ് കത്തയച്ചിരിക്കുന്നത്. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം എസ് വിജയാനന്ദാണ് കമ്മീഷന് കത്തയച്ചിരിക്കുന്നത്.

നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന തരത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അതനിടെ സര്‍ക്കാറിന്റെ കത്തില്‍ കമ്മീഷന്‍ നിയമോപദേശം തേടുമെന്നും സൂചനയുണ്ട്. വിഷയത്തില്‍ കമ്മീഷന്‍ രണ്ടുദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുത്തേക്കും. നേരത്തേ തദ്ദേശഭരണ തിരഞ്ഞെടുപ്പ ഒറ്റഘട്ടമായി നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു.

തദ്ദേശഭരണസ്ഥാപനങ്ങളുടെ പുനസംഘടന സംബന്ധിച്ച് തര്‍ക്കവും കേസുമാണ് തിരഞ്ഞെടുപ്പു നടത്താന്‍ ഇപ്പോഴുള്ള തടസ്സം. ആറു ജില്ലാപഞ്ചായത്തുകളിലെയും പതിനാല് ബ്ലോക്ക് പഞ്ചായത്തുകളിലേയും രണ്ടുഗ്രാമ പഞ്ചായത്തുകളിലേയും തിരഞ്ഞെടുപ്പാണ് നിയമക്കുരുക്കില്‍പ്പെട്ടത്.