എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ കായികമേള: ആദ്യദിനം പാലക്കാട് മുന്നില്‍
എഡിറ്റര്‍
Saturday 23rd November 2013 6:07pm

p.u-chithraകൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം അവസാനിച്ചപ്പോള്‍ പോയന്റ് നിലയില്‍ പാലക്കാട് മുന്നില്‍. 44 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയത്.

33 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും തൊട്ട് പിന്നില്‍ 20 പോയന്റുമായി കോഴിക്കോടുമാണ്. ആദ്യ ദിനം 18 ഇനങ്ങളിലെ ഫൈനലുകളാണ് പൂര്‍ത്തിയായത്.

ആറു സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ച് വെങ്കലവുമാണ് പാലക്കാടിന്റെ അക്കൗണ്ടിലുള്ളത്.

മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ടു വെങ്കലവുമാണ് ആതിഥേയരായ എറണാകുളം ആദ്യദിനം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടി.

സ്‌കൂളുകളില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളാണ് ആദ്യ ദിവസം മുന്നിലുള്ളത്.  കോതമംഗലം മാര്‍ബേസില്‍, കല്ലടി സ്‌കൂള്‍, എന്നിവരാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം സെന്റ് ജോസഫാണ് മൂന്നാം സ്ഥാനത്ത്.

രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 17 പോയിന്റാണ് മുണ്ടൂര്‍ സ്‌കൂളിനുള്ളത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 15 പോയിന്റുകള്‍ നേടിയാണ് കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

മൂന്നു സ്വര്‍ണം മാത്രം നേടി പതിനഞ്ചു പോയിന്റുമായി കല്ലടി സ്‌കൂളും രണ്ടാം സ്ഥാനത്തുണ്ട്.  ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമടക്കം 11 പോയിന്റുമായാണ് കോതമംഗലം സെന്റ് ജോര്‍ജാണ് മൂന്നാം സ്ഥാനത്തെത്തിയത്.

പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്രയും, പി.ആര്‍ രാഹുലും മേളയിലെ ആദ്യ സ്വര്‍ണനേട്ടങ്ങള്‍ സ്വന്തമാക്കി. ദീര്‍ഘദൂര ഓട്ടങ്ങളിലെ ആധിപത്യത്തിന് അടിവരയിട്ടാണ്  സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിറിലും ഇരുവരും സ്വര്‍ണ്ണം സ്വന്തമാക്കിയത്.

9.54 സെക്കന്റ് സമയത്തില്‍ ഓടിയെത്തിയാണ് ചിത്ര സ്വര്‍ണ്ണം നേടിയത്.  2010 ല്‍ ചിത്ര തന്നെ സ്ഥാപിച്ച 9:58:20 സെക്കന്‍ഡ് എന്ന മീറ്റ് റിക്കാര്‍ഡ് പഴങ്കഥയാക്കിയായിരുന്നു ചിത്രയുടെ സ്വര്‍ണനേട്ടം.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ആദ്യ രണ്ടു സ്ഥാനങ്ങളും പാലക്കാട്ടെ കുട്ടികള്‍ കരസ്ഥമാക്കി. പി.ആര്‍ രാഹുലിന് പിന്നില്‍ പറളി സ്‌കൂളിലെ ജെ.സതീഷിനാണ് വെള്ളി. തിരുവനന്തപുരം സായിയിലെ ഷിജോ രാജനാണ് മൂന്നാം സ്ഥാനം. ഈ ഇനത്തോടെയാണ് മീറ്റ് ആരംഭിച്ചത്.

Advertisement