എഡിറ്റര്‍
എഡിറ്റര്‍
പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനം : ഹൈക്കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പരാതി
എഡിറ്റര്‍
Monday 20th August 2012 9:00am

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് ഉടന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ആരോപണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങള്‍ പുന:പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഇതെന്നാണ് സൂചന.

Ads By Google

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള ടെക്‌നീഷ്യന്‍, വര്‍ക്കര്‍ തുടങ്ങിയ 1500 ഒഴിവുകളിലേക്ക് വിഞ്ജാപനം ക്ഷണിച്ചിരുന്നു. തുടര്‍ന്ന് കേരള സ്‌റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ 2011 ജനുവരി 5ന് പരീക്ഷ നടത്തുകയും 17ന് ഷോര്‍ട്ട് ലിസ്റ്റ് പുറത്തിറക്കുകയും ചെയ്തു.

ഈ ലിസ്റ്റ് പ്രകാരം ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ ഫിറ്റര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിയമനവും നടത്തി. എന്നാല്‍ മറ്റ് സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതോടെ നിയമന നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായില്ല.

ഇതിനുശേഷം 2011 ഡിസംബര്‍ രണ്ടിന് സര്‍ക്കാര്‍ നടത്തിയ വിഞ്ജാപനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നടന്ന പരീക്ഷകളും നിയമനങ്ങളും റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റേയും ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റേയും വിവിധ തസ്തികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് ഹൈക്കോടതി ജൂലൈ രണ്ടിന് പുറപ്പെടുവിച്ച വിധിയില്‍ ഒരാഴ്ച്ചക്കകം റാങ്ക് ലിസ്റ്റ് പുറപ്പെടുവിക്കണമെന്ന് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും കോര്‍പ്പറേഷന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായ്യിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ജൂലൈ 23ന് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിനോടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരും റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇതിനിടെ കോടതിയില്‍ കേസ് നില്‍നില്‍ക്കെതന്നെ ഇത്രയും ഒഴിവുകളിലേക്ക് വീണ്ടും വിഞ്ജാപനം പുറപ്പെടുവിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് അപേക്ഷ ക്ഷണിച്ച് ആക്ഷേപങ്ങള്‍ കാരണം നടപടികള്‍ റദ്ദാക്കിയതിനാലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചതെന്ന് പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

കോടതി വിധിയെ മാനിക്കാതെയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ കോടതീയലക്ഷ്യത്തിന് കേസെടുക്കണമെന്നും നിയമനനടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

Advertisement