എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ 28 കോടി
എഡിറ്റര്‍
Tuesday 29th January 2013 9:01am

തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാറിന്റെ തീവ്രശ്രമം. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കെ.എസ്.ആര്‍.ടി.സിക്ക് രണ്ടു മാസത്തേക്ക് ഡീസല്‍ സബ്‌സിഡിയിനത്തില്‍ 28 കോടി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഡീസല്‍ സബ്‌സിഡി നഷ്ടമായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്കുണ്ടായ അധിക ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Ads By Google

കൂടാതെ സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താനും യോഗത്തില്‍ തീരുമാനമായി. എല്ലാമാസവും 15 കോടി രൂപയോളംമാണ്  കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം സംഭവിക്കുന്നത്. ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഗതാഗത സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായ സമിതി രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

”റെയില്‍വേക്കും കെ.എസ്.ആര്‍.ടി.സി.ക്കുമൊക്കെ നല്‍കുന്ന ഇന്ധന സബ്‌സിഡി പിന്‍വലിക്കുന്നത് സാധാരണക്കാരനെ ദോഷകരമായി ബാധിക്കും. ഈ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും”മുഖ്യമന്ത്രി പറഞ്ഞു.

ഡീസല്‍ സബ്‌സിഡി നഷ്ടമായത് കെ.എസ്.ആര്‍.ടി.സിയെ മാത്രമല്ല സംസ്ഥാനത്തെ വേറെ ഇരുപത്തിയൊന്ന് വിഭാഗങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ വെട്ടികുറക്കുമെന്ന കെ.എസ്.ആര്‍.ടി.സിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ നല്‍കിയിരുന്നു.

അതേസമയം  സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് കെ.എസ്.ആര്‍.ടി.സി വ്യാപകമായി സര്‍വ്വീസ് വെട്ടികുറച്ച് കൊണ്ടിരിക്കുകയാണ്. മലബാറില്‍ നൂറിലധികം സര്‍വ്വീസുകള്‍ ഇന്നലെ ഓടിയില്ല. അടിയന്തിരമായി ഡീസല്‍ ലഭിച്ചില്ലെങ്കില്‍ അധിക ഡിപ്പോകളും അടച്ചുപൂട്ടേണ്ടിവരുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവന്തപുരത്ത്  ചേര്‍ന്ന കെ.പി.സി.സി യോഗത്തിലും കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു.

പൊതു ഗതാഗത സംവിധാനത്തെ ഡീസല്‍ വിലയില്‍ നിന്ന് ഒഴിവാക്കണം, ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കിയത് പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും.

കൂടുതല്‍ ആവശ്യമെങ്കില്‍ പെട്രോളിയം മന്ത്രി വീരപ്പ്‌മൊയ്‌ലിയെയും പ്രധാനമ്ന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെയും കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ കാണാനും ഇന്ന് നടന്ന യോഗത്തില്‍ തീരുമാനമായി.

Advertisement