തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആദാമിന്റെ മകന്‍ അബു മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഈ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാര്‍ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധാവന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ജനപ്രിയ ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് സൈന്റ് തിരഞടുക്കപ്പെട്ടു

ഇലക്ട്ര സംവിധാനം ചെയ്ത ശ്യാമപ്രസാദ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച രണ്ടാമത്തെ നടന്‍ ബിജുമേനോനും (ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍സ് ആറ് ബി), നടി മംമ്താ മോഹന്‍ദാസു കഥ തുടരും) മാണ്.

മികച്ച മേക്കപ്പ് മാനായി പട്ടണം റഷീദും കലാസംവിധായകനായി എന്‍.കൃഷ്ണന്‍കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായകന്‍ ഹരിഹരനും മികച്ച ഗായിക രാജലക്ഷ്മിയുമാണ്. മികച്ച ഹാസ്യതാരമായി സുരാജ് വെഞ്ഞാറമൂടിനെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച തിരക്കഥാകൃത്തായി ആദാമിന്റെ മകന്‍ അബു സംവിധാനം ചെയ്ത സലിം അഹമ്മദിനെയും തിരഞ്ഞെടുത്തു.

മികച്ച ഗാനചയിതാവായി റഷീദ് അഹമ്മദും സംഗീതസംവിധായകനായി എം.ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ജനാകിയിലെ അഭിനയത്തിന് കൃഷ്ണപത്മകുമാറിനെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തു. ഡബ്ബിംഗ് കലാകാരന്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് റിസബാവയും പ്രവീണയും അര്‍ഹരായി.

യുഗപുരുഷനിലെ മികച്ച അഭിനയത്തിന് തലൈവാസല്‍ വിജയിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. മലയാള സിനിമയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുമെന്ന് സാംസ്‌കാരിക മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. മികച്ച സിനിമകള്‍ക്ക് വിതരണക്കാരെ ലഭിക്കാത്ത അവസ്ഥയുണ്ടാകുമ്പോള്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.