തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദക അസോസിയേഷനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വിക്കെതിരേ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, വി.ഡി സതീശന്‍ എം എല്‍ എ എന്നിവരാണ് സിംഗ്‌വിക്കെതിരെ രൂക്ഷ വിമശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്കു വേണ്ടി അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ ഹാജരായത് തെറ്റായിപോയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിംഗ്‌വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം മറക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടായത് വേദനാജനകമാണ്. പ്രതിഷേധം എഐസിസിയെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മനു അഭിഷേക് സിംഗ്‌വി കോണ്‍ഗ്രസിന്റെ ഔദ്യോഗികപദവികളില്‍ നിന്നു സ്വയം മാറിനില്‍ക്കാന്‍ തയ്യാറാകണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നും മലപ്പുറത്ത് ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കവെ സുധീരന്‍ പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സിംഗ്‌വിയെ കോണ്‍ഗ്രസിന്റെ വക്താവ് സ്ഥാനത്തും നിന്നും എഐസിസി നേതൃത്വം പുറത്താക്കണമെന്ന് വി.ഡി.സതീശന്‍ എംഎല്‍എയും ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വികാരംമനസിലാകാതെ പ്രവര്‍ത്തിക്കുന്ന ആള്‍ വക്തവായിരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ പറഞ്ഞു.

നേരത്തെ ലോട്ടറി മാഫിയകള്‍ക്ക് വേണ്ടി സിംഗ്‌വി കോടതിയില്‍ ഹാജരായത് വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ സിംഗ്‌വിയെ അടുത്തിടെയാണ് തിരിച്ചെടുത്തത്.