തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പെയ്ഡ് ന്യൂസുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് സംസ്ഥാന ചീഫ് ഇല്ക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റൊ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കും. തെരഞ്ഞെടുപ്പിന് മാത്രമായി സ്ഥാനാര്‍ഥികളെല്ലാം നിര്‍ബന്ധമായും പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം. തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള പണം ഈ അക്കൗണ്ടില്‍ നിന്ന് മാത്രമെ ചെലവഴിക്കാന്‍ പാടുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി മെമ്പര്‍മാര്‍ ഒരു ലക്ഷം രൂപയുടെ മേല്‍ പണം കയ്യില്‍ സൂക്ഷിക്കരുത്.

വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്ന് എസ്.എം.എസ് വഴി അറിയുന്നതിനുള്ള സംവിധാനം ദിവസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിവരെയാണ് വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനാവുക. എല്ലാ വോട്ടര്‍മാരും വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടന്ന് ഉറപ്പുവരുത്തണമെന്നും നളിനി നെറ്റൊ തിരുവനന്തപുരത്ത് വര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.