മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ രാധാ റാണി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു സ്ത്രീകള്‍ മരിച്ചു.

രാധാഷ്ടമി ആഘോഷത്തിനിടെയായിരുന്നു സംഭവം. പ്രസിദ്ധമായ ക്ഷേത്രത്തിലേക്ക് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. തിക്കിലും തിരക്കിലും പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Ads By Google

ഒരു സ്ത്രീ ഗുരുതരമായി പരിക്കേറ്റും മറ്റൊരാള്‍ തിരക്കിനിടെ ഹൃദയാഘാതമുണ്ടായുമാണ് മരിച്ചതെന്ന് മഥുര പോലീസ് സൂപ്രണ്ട് പദ്മജ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെ ക്ഷേത്രനട തുറന്നിരിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ദര്‍ശനം നടത്താനായി ഭക്തര്‍ തിരക്കുകൂട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്.

തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസുകാരോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.