എഡിറ്റര്‍
എഡിറ്റര്‍
മത്സ്യ ചികിത്സയ്ക്കിടെ തിക്കും തിരക്കും: ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
എഡിറ്റര്‍
Saturday 9th June 2012 12:57am

ഹൈദരാബാദ്: ആസ്ത്മാ രോഗികള്‍ക്കുള്ള മീന്‍ ചികിത്സാ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാജേന്ദ്ര നഗറിലെ കതേഡന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് അപകടമുണ്ടായത്.

വര്‍ഷം തോറും നടത്താറുള്ള ചടങ്ങില്‍ മീന്‍ ചികിത്സക്ക് വിധേയരാകാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്താറുള്ളത്. ജനത്തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പ്രധാന ഗേറ്റ് തുറന്നു കൊടുത്തതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. പുലര്‍ച്ചെ മുതല്‍ ഇവിടെ തടിച്ചുകൂടിയവരില്‍ കൂടുതലും പ്രായമേറിയ ആസ്ത്മാ രോഗികളായിരുന്നു. ചികിത്സക്കുള്ള മത്സ്യം വിതരണം ചെയ്യുന്ന കൗണ്ടറിലേക്ക് എല്ലാവരും കൂടി തിക്കിത്തിരക്കിയതോടെയാണ് അപകടം ഉണ്ടായത്.

മഹാരാഷ്ട്ര സ്വദേശിയായ ഗോരഖ് പട്ടേല്‍ (60) ആണ് മരിച്ചത്. ശക്തമായ തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ടു വീണ ഇയാളെ തൊട്ടടുത്ത ആശുപത്രിയിലേക്കു നീക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ ഒരു കുടുംബമാണ് സര്‍ക്കാര്‍ സഹകരണത്തോടെ മത്സ്യ ചികിത്സ നടത്തുന്നത്. എന്നാല്‍ ഇതാദ്യമായാണ് രാജേന്ദ്രനഗറിലെ കതേഡന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ മത്സ്യ ചികിത്സ നടത്തുന്നത്. തലസ്ഥാനമായ ഹൈദരാബാദിലെ നാംപള്ളിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലായിരുന്നു എല്ലാവര്‍ഷവും മത്സ്യ ചികിത്സ നടത്താറുള്ളത്.

എന്നാല്‍ ഇത്തവണ മത്സ്യ ചികിത്സയുടെ വേദി സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. രണ്ട് ദിവസം മുമ്പ് മാത്രമാണ് ഇപ്പോള്‍ മത്സ്യ ചികിത്സ നടത്തിയ വേദിയുടെ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. മത്സ്യ ചികിത്സക്കായി എക്‌സിബിഷന്‍ ഗ്രൗണ്ട് അനുവദിക്കണമെന്ന് ചികിത്സ നടത്തുന്ന ബഥിനി കുടുംബം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച കതേഡന്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

Advertisement