എഡിറ്റര്‍
എഡിറ്റര്‍
അവിവാഹിതയെ നിരീക്ഷിക്കല്‍: സംഭവമന്വേഷിക്കാന്‍ രണ്ടംഗകമ്മീഷന്‍
എഡിറ്റര്‍
Tuesday 26th November 2013 12:47am

modiamitsha

അഹമ്മദാബാദ്:  അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസ്  ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു.

രണ്ടംഗ കമ്മീഷനെയാണ് നിയോഗിച്ചത്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി സുഗ്നഭട്ടും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.പി.കപൂറുമാണ് സമിതിയംഗങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം  നല്‍കിയിരിക്കുന്നത്.

2009ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ബംഗളൂരു സ്വദേശിനിയായ അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാണ് വിവാദമായത്.ആര്‍ക്കിടെക്റ്റ് ആയ യുവതി ആരെയൊക്കെ കാണുന്നു, എവിടെ പോകുന്നു, തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനാണ് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയത്.

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എല്‍ സിംഗാളിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം  നല്‍കിയതായാണ് ആരോപണം.

അമിത്ഷായും സിംഗാളുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കോബ്ര പോസ്റ്റാണ് സംഭവം പുറത്ത് വിട്ടത്. മോഡിയ്ക്ക് യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും അത് കൊണ്ടാണ് യുവതിയെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നുമാണ് ആരോപണം.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ അതിരൂക്ഷമായ വിമര്‍ശവുമായി രംഗത്തു വന്നിരുന്നു.

ഗുജറാത്ത് കൂട്ടക്കൊലയ്ക്കും വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ക്കും ശേഷമുള്ള പൗരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരി പറഞ്ഞു.

പൊലീസ് സംവിധാനം ദുരുപയോഗപ്പെടുത്തിയതിനെക്കുറിച്ച് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

Advertisement