ചെന്നൈ: തമിഴ്‌നാട്ടില്‍ ഭൂമി കൈയ്യേറ്റകേസുമായി ബന്ധപ്പെട്ട് നിരവധി ഡി.എം.കെ നേതാക്കളെ അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ അറസ്റ്റിലായ രണ്ട് മന്ത്രിമാര്‍ക്കു പുറമേ കരുണാനിധിയുടെ ഇളയമകനും, മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെയും പോലീസ് അറസ്റ്റ് ചെയ്തു.

തിരുത്തുറൈപ്പുണ്ടിയില്‍ വച്ചായിരുന്നു അറസ്റ്റ്. ഡി.എം.കെ തിരുത്തുറൈപ്പുണ്ടി ജില്ലാ സെക്രട്ടറി കലൈവാണനെ പോലീസ് അറസ്റ്റുചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. സ്റ്റാലിനു പുറമേ 300ഓളം ഡി.എം.കെ നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

ഒരു വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കലൈവാണനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തോട് സ്റ്റാലിന്‍ വാറണ്ട് ആവശ്യപ്പെടുകയായിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിനും ചോദ്യം ചെയ്യുന്നത് തടയാനും ശ്രമിച്ചതിനാണ് സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉച്ചയ്ക്ക്‌ശേഷം പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡി.എം.കെ നേതാവും ചെപൗക്ക് എം.എല്‍.എയുമായ ജെ. അന്‍പഴകനും, മുന്‍ ഡി.എം.കെ മന്ത്രി വീരപാണ്ഡി അറുമുഖവും ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു.

അന്‍പഴകനെ തിരുപ്പൂരില്‍ നിന്നും, അറുമുഖത്തെ സേലത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. രണ്ടുകേസുകളില്‍ അറുമുഖം തിങ്കളാഴ്ച കീഴടങ്ങിയിരുന്നു. അതിനുശേഷം ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ മറ്റൊരു കേസുകൂടി ഇദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് അഴഗിരിയുടെ നാല് അനുയായികളെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഭൂമി കൈയ്യേറ്റ പരാതികള്‍ അന്വേഷിക്കാനായി എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ സ്‌പെഷല്‍ പോലീസ് സംഘത്തെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.