യൂണിയനുണ്ടാക്കിയവരെ നാടുകടത്താന്‍ നീക്കം: മണപ്പുറത്ത് തൊഴിലാളികള്‍ പണിമുടക്കില്‍
കോഴിക്കോട്: യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ കോഴിക്കോട്ട് ഒരു സ്ഥാപനത്തില്‍ കൂടി തൊഴിലാളികള്‍ സമരത്തിലേക്ക്. യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ ആലപ്പാട്ട് ജ്വല്ലറി ഷോപ്പ് അടച്ചുപൂട്ടിയാണ് മാനേജ്‌മെന്റ് തൊഴിലാളികളോട് പ്രതികാരം ചെയ്തത്. എന്നാല്‍ കോഴിക്കോട് മണപ്പുറം ഫൈനാന്‍സില്‍ തൊഴിലാളികളെ കൂട്ടമായി നാടുകടത്താനാണ് നീക്കം.
ജീവനക്കാരെ അന്യ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് മണപ്പുറം ഫൈനാന്‍സ് ഓഫീസില്‍ ജീവനക്കാര്‍ മിന്നല്‍ സമരം നടത്തി. തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ അനിശ്ചിത കാലസമരം തുടങ്ങുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.
നോണ്‍ബാങ്കിംഗ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനി എംപ്ലോയീസ് യൂണിയന്‍ എന്ന പേരില്‍ ഫെബ്രുവരി 22ന് യൂണിയന്‍ രൂപീകരിച്ചിരുന്നു. കെ.പി അനില്‍കുമാര്‍ പ്രസിഡന്റും സി.കെ ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയുമായ യൂണിയനില്‍ മണപ്പുറം ഫിനാന്‍സിലെ നിരവധി തൊഴിലാളികള്‍ അംഗത്വം നേടിയിരുന്നു. എന്നാല്‍ സംഘടനയില്‍ അംഗത്വം നേടിയവരോടുള്ള പ്രതികാര നടപടിയെന്നോണം തൊഴിലാളികളെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന സമീപനമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുകയായിരുന്നു.
‘മാനേജ്‌മെന്റിന് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയനുണ്ട്. എന്നാല്‍ തൊഴിലാളികള്‍ യൂണിയനുണ്ടാക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങും. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് തൊഴിലാളിയെന്ന പരിഗണനയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതില്‍ കൂടുതലോ കുറവോ ആഗ്രഹിക്കുന്നില്ല. സമ്മര്‍ദ്ദം ആവശ്യമാണെന്നത് അംഗീകരിക്കുന്നു. എന്നാല്‍ അത് അമിതമാകാന്‍ പാടില്ല. തൊഴിലാളികളെ കഠിനമായി ചൂഷണം ചെയ്യുന്നത് എതിര്‍ക്കുക തന്നെ ചെയ്യും.’ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ പറഞ്ഞു.
സംഘടനയില്‍ അംഗങ്ങളായ മാവൂര്‍ റോഡ് ബ്രാഞ്ചിലെ തൊഴിലാളികളെ ഛത്തീസ്ഗഢ്, ഫരീദാബാദ്, ഒറിസ എന്നിവിടങ്ങളിലുള്ള ബ്രാഞ്ചുകളിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റവിവരം രേഖാമൂലം അറിയിച്ചില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം ഫോണില്‍ ബന്ധപ്പെട്ട് അടുത്തദിവസം തന്നെ പുതിയ ജോലിസ്ഥലത്തേക്ക് മാറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അതത് തൊഴിലാളികളുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ടമെന്റിനെപ്പോലും അറിയിക്കാതെയാണ് സ്ഥലം മാറ്റം. പണിമുടക്ക് നടത്തിയ തൊഴിലാളികള്‍ക്കെതിരെ കേസെടുക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് നടത്തുന്നുണ്ടെന്ന് തൊഴിലാളികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇതിനായി ഈ സ്ഥാപത്തിലെ ഒരു വനിതാ സ്റ്റാഫിനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി സമരംചെയ്യുന്നവര്‍ക്കെതിരെ പരാതിപ്പെടാന്‍ പറഞ്ഞതായും തൊഴിലാളികള്‍ പറയുന്നു.
എട്ട് വര്‍ഷമായി മണപ്പുറം ഫിനാന്‍സിലെ ഹയര്‍പര്‍ച്ചേഴ്‌സ് വെഹിക്കിള്‍ ലോണ്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജയന്റെ അനുഭവം ഇങ്ങനെ, ‘ തുടക്കത്തില്‍ ഏഴായിരം രൂപയ്ക്കാണ് ഇവിടെ ജോലി ചെയ്തത്. പലപ്പോഴും ഓക്ഷന്‍ ലോസ് എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പൈസപിടിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞു എനിക്ക് മണപ്പുറത്തെ തൊഴിലാളിയെന്ന രീതിയിലുള്ള പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍. ഇപ്പോള്‍ ഫരീദാബാദിലേക്ക് എന്നെ സ്ഥലം മാറ്റിയിരിക്കുകയാണ്. എനിക്ക് ഭാര്യയും കുട്ടികളുമൊക്കെയുണ്ട്. ഒരു സുപ്രഭാതത്തില്‍ ഫരീദാബാദിലേക്ക് പോകണമെന്ന് പറഞ്ഞാല്‍ ഞാന്‍ എന്തുചെയ്യും’
ഗോള്‍ഡ് ലോണ്‍ മാത്രം സ്വീകരിക്കാന്‍ അനുവാദമുള്ള മണപ്പുറം ഫിനാന്‍സ് കമ്പനി കുറച്ചുകാലം മുമ്പ് വരെ ഡെപ്പോസിറ്റുകളും, ചിട്ടികളും സ്വീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് നിശ്ചിത തിയതിക്കുള്ളില്‍ ഇത്ര രൂപയുടെ ടാര്‍ജറ്റ് നേടണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയായിരുന്നു ഇത് നടത്തിയിരുന്നത്. ടാര്‍ജറ്റ് എച്ചീവ് ചെയ്യാത്ത തൊഴിലാളികളെ മോശമായ ഭാഷയില്‍ ചീത്തവിളിക്കുകയും ഹെഡ് ഓഫീസില്‍ വിളിപ്പിച്ച് വിശദീകരണം ചോദിക്കുന്നതും സാധാരണയായിരുന്നു. ആര്‍.ബി.ഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഗോള്‍ഡ് ലോണിന്റെ കാര്യത്തില്‍ പഴയ രീതി തന്നെ ഇപ്പോഴും തുടരുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
‘ആളുകളെക്കൊണ്ട് ഞങ്ങള്‍ക്ക് നിര്‍ബന്ധിച്ച് സ്വര്‍ണം പണയം വയ്പ്പിക്കാനാകുമോ’ തൊഴിലാളികളിലൊരാളായ റിജേഷ് ചോദിക്കുന്നു.
ഓക്ഷന്‍ ലോസിന്റെ പേരിലാണ് തൊഴിലാളികളെ ഇപ്പോള്‍ ഏറ്റവുമധികം ചൂഷണം ചെയ്യുന്നത്. ഗുണമേന്മ കുറഞ്ഞ സ്വര്‍ണമാണ് പണയമായി സ്വീകരിച്ചതെങ്കില്‍ പിന്നീട് അത് ലേലത്തില്‍വയ്ക്കുമ്പോള്‍ വരുമ്പോഴുണ്ടാകുന്ന നഷ്ടം മുഴുവനും ആ സ്വര്‍ണം പണയമായി സ്വീകരിച്ച തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കും. ഇതൊക്കെയാണെങ്കിലും സ്വര്‍ണത്തിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഈ കമ്പനിയില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.
കോഴിക്കോട് ജില്ലയിലെ തന്നെ മറ്റൊരു ബ്രാഞ്ചിലുള്ള യുവതിയുടെ കഥയിങ്ങനെ, 8,500 രൂപ ശമ്പളം വാങ്ങുന്ന ഇവര്‍ക്ക് ഒരു മാസം ശമ്പളം ലഭിച്ചില്ല. കാരണം അന്വേഷിച്ചപ്പോഴാണ് മനസിലാവുന്നത് ഓക്ഷന്‍ ലോസാണെന്ന്. ആ മാസത്തെ 8,500 രൂപയും തൊട്ടടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും 1,500 രൂപയുമാണ് കമ്പനി പിടിച്ചത്.
ഓക്ഷന്‍ ലോസ് മുഴുവനും തൊഴിലാളികളുടെ മേല്‍ കെട്ടിവയ്ക്കുന്ന സ്ഥാപനം ലാഭമുണ്ടാകുമ്പോള്‍ അതിന്റെ ഒരു ശതമാനംപോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നും ഇവര്‍ പറയുന്നു.
താഴ്ന്ന ജാതിയിലുള്ളവരെയും മുസ്‌ലീം സ്ത്രീകളെയും ജോലിക്കെടുക്കുന്നത് കുറവാണെന്നും തൊഴിലാളികള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രസവാവധി പോലും നിഷേധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഒമ്പത് ദിവസം ലീവെടുത്താല്‍ അത് റിസൈനിംഗ് സ്റ്റാറ്റസായി കണക്കാക്കും. പഞ്ചിംഗ് സിസ്റ്റമുള്ള കമ്പനിയില്‍ ഒരു സെക്കന്റ് പോലും വൈകാനാവില്ല. മൂന്ന് ദിവസം ഇങ്ങനെ വൈകി വന്നാല്‍ കാഷ്വല്‍ ലീവില്‍ ഒന്ന് പോകും. എന്നാല്‍ മിക്കദിവസവും വൈകുന്നേരം പറഞ്ഞസമയത്തേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യേണ്ടിവരുന്നുണ്ട്.
അടിയന്തരസാഹചര്യത്തില്‍ പോലും കമ്പനി തൊഴിലാളികള്‍ക്ക് ലീവ് അനുവദിച്ചുനല്‍കാറില്ല. ഒരു ദിവസത്തെ ലീവ് അനുവദിക്കുകയാണെങ്കില്‍ തന്നെ രണ്ടുദിവസത്തെ ശമ്പളം കട്ട് ചെയ്യുമെന്നും തൊഴിലാളികള്‍ പറഞ്ഞു.

February 25th, 2012 at 3:43 pm
താഴ്ന്ന ജാതിയിലുള്ളവരെയും മുസ്‌ലീം സ്ത്രീകളെയും ജോലിക്കെടുക്കുന്നത് കുറവാണെന്നു പറഞ്ഞതിലൂടെ ഇയാള്‍ പറയുന്നതില്‍ ഒരു ദുഷ്ടലാക്ക് ഉണ്ടെന്നു സ്പഷ്ടം. അല്ലെങ്കിലും പാലം കടന്നാല്‍ പിന്നെ കൂരായണ എന്നാണല്ലോ.
February 25th, 2012 at 4:52 pm
ഇവന്റെ ഒക്കെ വാര്‍ത്തകള്‍ ആരെങ്കിലും വിശ്വസിക്കുമോ …?
February 25th, 2012 at 5:23 pm
മോഹന്‍ ലാല്‍ പറഞ്ഞിട്ട് ആരും സ്വര്‍ണം പണയം വെക്കുന്നില്ലന്നാണോ മണപ്പുറം പറയുന്നത്??????
ലാലിനും പരസ്യത്തിനും കൊടുക്കുന്ന പണം തൊഴിലാളിക്ക് ശമ്പളമായി കൊടുത്തുകൂടെ????
ഇത്തരം സ്ഥാപനങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു മോഹന്‍ ലാലിനെപോലുള്ള താരങ്ങള്‍ ജനങ്ങളെ പരസ്യമായി വഞ്ചിക്കുകയാണ്…….
February 27th, 2012 at 10:12 am
സുകുമാര്‍ അഴീക്കോട് , മോഹന്‍ ലാലിനെ ചീത്ത വിളിച്ചത് , ഇത് പോലെ ഉള്ള വൃത്തികെട്ടവന്മാരുടെ ദല്ലാള്‍ ആയതിനാലായിരിക്കും. അഴീക്കോട് ഇല്ലാത്തതു ഇവരുടെ ഭാഗ്യം