എഡിറ്റര്‍
എഡിറ്റര്‍
ലെസ്ബിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന ശ്രീ പാര്‍വ്വതിയുടെ പുസ്തകത്തിന് വേദി നിഷേധിച്ച് സെന്റ് തെരേസാസ് കോളജ്
എഡിറ്റര്‍
Wednesday 10th May 2017 10:36am

കോഴിക്കോട്: ലെസ്ബിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന നോവല്‍ പ്രകാശനം ചെയ്യാന്‍ വേദി നിഷേധിച്ച് ഏറണാകുളം സെന്‍ തെരേസാസ് കോളജ് അധികൃതര്‍. ശ്രീപാര്‍വ്വതിയുടെ ‘മീനുകള്‍ ചുംബിക്കുന്നു’ എന്ന നോവലിനാണ് ലെസ്ബിയന്‍ പ്രണയം ചര്‍ച്ച ചെയ്യുന്നു എന്ന കാരണം പറഞ്ഞ് വേദി നിഷേധിച്ചത്.

നോവലിന്റെ തീമിനോടു യോജിച്ചു നില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍ പുസ്തകം പ്രകാശനം ചെയ്യുകയെന്ന ലക്ഷ്യമിട്ടാണ് സെന്‍തെരേസാസ് കോളജ് തെരഞ്ഞെടുത്തതെന്ന് ശ്രീ പാര്‍വ്വതി ഡൂള്‍ന്യൂസിനോടു പറഞ്ഞു. സ്ത്രീകള്‍ നിറഞ്ഞ വേദിയിലും സദസ്സിലും പുസ്തകം പ്രകാശനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇതനുസരിച്ച് എന്റെ സുഹൃത്താണ് സെന്‍ തെരേസാസ് അധികൃതരുമായി ബന്ധപ്പെട്ടത്. മെയ് 14ന് മൂന്നു മണി മുതല്‍ അഞ്ചു മണിവരെയുള്ള സമയം അനുവദിക്കുകയും ചെയ്തിരുന്നു.


Must Read: മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ


എന്നാല്‍ മെയ് 9ാം തിയ്യതി സെന്റ് തെരേസാസ് അധികൃതര്‍ ബന്ധപ്പെട്ട് വേദി അനുവദിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ലെസ്ബിയന്‍ വിഷയം ആയതുകൊണ്ട് ഹാള്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ബ്രോഷര്‍ കണ്ട് ബിഷപ്പ് പ്രിന്‍സിപ്പലിനോട് കയര്‍ത്തെന്നും അവര്‍ പറഞ്ഞതായി ശ്രീ പാര്‍വ്വതി പറയുന്നു.

സെന്റ് തേരേസാസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ‘മീനുകള്‍ ചുംബിക്കുന്നു’ എന്ന പുസ്തകത്തിന്റെ പ്രകാശനം കോളജിന് എതിര്‍വളത്തുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്കു മാറ്റിയിരിക്കുകയാണ്.

സെന്‍തെരേസാസ് പോലെ ഫോര്‍വേര്‍ഡ് ആയിട്ടുള്ള കുട്ടികള്‍ പഠിക്കുന്ന കോളജ് അധികൃതര്‍ എന്തുകൊണ്ടാണ് ലെസ്ബിയന്‍ പ്രണയത്തെ ഭയപ്പെടുന്നത് എന്നൊരു ചോദ്യമുണ്ട്. സദാചാര പ്രശ്‌നങ്ങള്‍ എന്നൊക്കെ നമ്മള്‍ പറയുമ്പോഴും ഇത്തരം വിഷയങ്ങള്‍ സംസാരിക്കാനോ ചര്‍ച്ച ചെയ്യാനോ നമ്മുടെ സമൂഹം ഇപ്പോഴും തയ്യാറാവുന്നില്ല എന്നത് വളരെ സങ്കടകരമാണെന്നും അവര്‍ പറഞ്ഞു.

ലെസ്ബിയന്‍ വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകത്തെ പിന്തുണക്കാനോ അതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് കോളജ് വിട്ടുതരാനോ പറ്റില്ലെന്നാണ് സെന്റ് തെരേസാസ് അധികൃതര്‍ അറിയിച്ചതെന്ന് ശ്രീപാര്‍വ്വതിയുടെ സുഹൃത്ത് മോഹന്‍ദാസ് വയലാംകുഴി ഫേസ്ബുക്കില്‍ കുറിക്കുന്നു.


Don’t Miss: സവര്‍ണ അതിക്രമത്തിനെതിരെ ദളിത് വിഭാഗക്കാര്‍ നടത്താനിരുന്ന പ്രതിഷേധ സമ്മേളനത്തിന് അനുമതി നിഷേധിച്ചു; പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം


‘മൂന്നുനാലു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സിസ്റ്റര്‍ വിനീതയെ വിളിക്കുകയും അവര്‍ പറഞ്ഞതനുസരിച്ചു കോളേജില്‍ ചെന്ന് സിസ്റ്റര്‍ മാഗിയെ കണ്ട് മെയ് 14ന് 3 മണി മുതല്‍ 5 മണി വരെയുള്ള സമയം അനുവദിച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷപൂര്‍വ്വം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ബ്രോഷര്‍ ഡിസൈന്‍ ചെയ്യാനും ആളുകളെ അറിയിക്കാനും തുടങ്ങി. പക്ഷെ ഇന്നലെ രാവിലെ സിസ്റ്റര്‍ വിനീത വിളിക്കുകയും ലെസ്ബിയന്‍ വിഷയം കൈകാര്യം ചെയ്യുന്ന ഒരു പുസ്തകത്തെ ഒരു രീതിയിലും പിന്തുണക്കാനോ അതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് കോളേജ് വിട്ടുതരാനോ പറ്റില്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.’ മോഹന്‍ദാസ് പറയുന്നു.

‘ഇത്രയും വലിയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന മതമേലധ്യക്ഷന്മാരോട് സഹതാപവും പൂച്ഛവും തോന്നുന്നു. ട്രാന്‍സ്‌ജെന്റേഴ്‌സിനെ അനുകൂലിച്ചും കൂടെ നിന്നും ഫോട്ടോയെടുത്തു സമൂഹമാധ്യമങ്ങളില്‍ കൂടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരും ലെസ്ബിയന്‍ വിഷയം വരുമ്പോള്‍ എന്തുകൊണ്ടാണ് മുഖം തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.’ അദ്ദേഹം പറയുന്നു.

കോളജ് അധികൃതരുടെ നിലപാടിനെതിരെ എഴുത്തുകാരി ശാരദക്കുട്ടിയും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. വേദപുസ്തകത്തെ സഭ വേണ്ട രീതിയില്‍ വായിക്കാത്തതിന്റെ തകരാറാണിതെന്നാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം.


Must Read: ‘നിക്കാഹുമില്ല, താലിയും വേണ്ട’; മതത്തിന്റെ കെട്ടുപാടുകള്‍ ഇല്ലാതെ ഹിന്ദു യുവതിയും മുസ്‌ലിം യുവാവും ഒന്നായ കഥ 


സാഫോയുടെ സദാചാരവിശുദ്ധി ചോദ്യം ചെയ്യാനുള്ള വലുപ്പം സഭകള്‍ക്ക് ഒരുകാലത്തും ഉണ്ടാവില്ല എന്ന് അറിയാവുന്നത് കൊണ്ട്’ അയ്യോ പാവം തിരുമേനി , നിങ്ങള്‍ പറയുന്ന ദൈവപ്രേമത്തേക്കാള്‍ ഒരു പടി കൂടുതല്‍ വിശുദ്ധമാണ് ഇതും’എന്ന് പറഞ്ഞു പിന്‍വാങ്ങുന്നു. ‘പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വ്വണശശിബിംബം’ എന്ന് പഠിച്ചവര്‍ക്ക് നിങ്ങളെ പോലെ ഇങ്ങനെ പ്രേമം എന്ന് കേട്ടാല്‍ ഉടന്‍ നഖം കടിച്ചും തല കുനിച്ചും ഭയന്നും നില്‍ക്കേണ്ടി വരില്ല.വേദപുസ്തകത്തെ സഭ വേണ്ട രീതിയില്‍ വായിക്കാത്തതിന്റെ തകരാറുകള്‍ക്ക് ഒരു പരിഹാരവുമില്ല. അറിവില്ലാത്തവരോട് അറിവുള്ളവര്‍ പൊറുക്കട്ടെ.’ അവര്‍ പറയുന്നു.

Advertisement