ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയയായ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. സോണിയ സുഖം പ്രാപിച്ച് വരികയാണെന്ന് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മരുമകന്‍ റോബര്‍ട്ട് വധേര എന്നിവര്‍ സോണിയയ്‌ക്കൊപ്പമുണ്ട്.

സോണിയ ഗാന്ധി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ ആശംസിച്ചു. ദല്‍ഹിയില്‍ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ബച്ചന്‍ യുപിഎ അധ്യക്ഷയ്്ക്ക് ആശംസ നേര്‍ന്നത്.

വൈദ്യപരിശോധനയില്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടതോടെയാണ് അമേരിക്കയിലെ സ്‌ളോവാന്‍ കെറ്ററിംഗ് ആശുപത്രി സോണിയയെ ശസ്ത്രക്രിയക്ക് വിധേയയാത്. സോണിയയുടെ രോഗം എന്താണെന്ന വിവരങ്ങളൊന്നും കോണ്‍ഗ്രസ്സ് ഇത്‌വരെ പുറത്ത് വിട്ടിട്ടില്ല.

സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ എ.കെ ആന്‍ണി, രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി തുടങ്ങിയവരാണ് ഇപ്പോള്‍ പാര്‍ട്ടി കാര്യങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.