court കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എല്‍.എസി ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും. കേസിലെ പ്രധാന പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി ബിന്ദു വിജയന്‍, സഹോദരി ചെന്നൈയില്‍ താമസക്കാരിയായ സിന്ധു സുരേന്ദ്രന്‍ എന്നിവരെയാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് എസ് വിജയകുമാര്‍ ശിക്ഷിച്ചത്.

ക്രിമിനല്‍ ഗൂഢാലോചന, മോഷണം, മോഷണ മുതല്‍ കൈവശം വെക്കല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ ഗൂഢാലോചന കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും മോഷണത്തിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും മോഷണ മുതല്‍ കൈവശം വെച്ചതിന് പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2005ലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുവഴി സംസ്ഥാന ഖജനാവിന് 1.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.  2005 ഫെബ്രുവരിയില്‍ നടന്ന എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളും മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യ പേപ്പറുകളും ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്‍ഡ് പബല്‍ഷേഴ്‌സ് എന്ന അച്ചടിശാലയിലെ താല്കാലിക ജീവനക്കാരനായ കെ സുരേഷിന്റെ സഹായത്തോടെ മോഷ്ടിച്ചെടുത്തു എന്നതാണ് കേസ്.

ബിന്ദുവിന്റെ മകന്‍ ഗൗതം വിജയ് ഇക്കാലയളവില്‍ വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പത്താം കല്‍സ്സ് വിദ്യാര്‍ത്ഥിയായിരുന്നു. ഗൗതം വിജയനുവേണ്ടിയാണ് ചോദ്യപേപ്പര്‍ അച്ചടിശാലയില്‍ നിന്ന് മോഷ്ടിച്ചത്. അച്ചടിശാലയില്‍ നിന്ന് ചോദ്യ പേപ്പര്‍ പുറത്തേക്ക് എത്തിച്ച താല്‍ക്കാലിക ജീവനക്കാരന്‍ കെ സുരേഷിനെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മാപ്പുസാക്ഷിയാക്കിയിരുന്നു.

ചെന്നൈയിലെ ടി നഗറില്‍ ഡോ. ചിത്രാമ്മ എന്ന സ്ത്രീയുടെ മരുമകളാണ് സിന്ധു സുരേന്ദ്രന്‍. ഡോ. ചിത്രാമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന നാഗപിക്ഷാവതിയുടെ ഭര്‍ത്താവാണ് സുരേഷ്. ഡോ. ചിത്രാമ്മയില്‍ നിന്ന് പലിശ പണം വാങ്ങാനെത്തിയ സുരേഷില്‍ നിന്ന് ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്റേഴ്‌സിലാണെന്നറിഞ്ഞ സിന്ധു ഇയാളോട് ചോദ്യപേപ്പര്‍ മോഷ്ടിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എതിര്‍ത്താല്‍ ഇപ്പോള്‍ ലഭിക്കുന്ന പലിശപ്പണം നഷ്ടപ്പെടുമെന്ന് ഭയന്നാണ് താന്‍ ചോദ്യപേപ്പറുകള്‍ അച്ചടിശാലയില്‍ നിന്ന് മോഷ്ടിച്ച് നല്‍കിയതെന്ന് സുരേഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

സിന്ധുവിന് ലഭിച്ച ചോദ്യ പേപ്പറുകള്‍ തിരുവനന്തപുരത്തെ ബിന്ദുവിന്റെ വിലാസത്തിലേക്ക് കൊറിയര്‍ ആയി അയച്ചു കൊടുത്തു. ബിന്ദുവിന്റെ മകന്‍ ഗൗതം വിജയ് ഈ ചോദ്യപേപ്പറുകള്‍ തന്റെ സുഹൃത്തുക്കള്‍ക്കും നല്‍കി. ഇങ്ങനെയാണ് എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ എസ്.എസ്.എല്‍.സി ചോദ്യ പേപ്പര്‍ കരാറുമായി ബന്ധപ്പെട്ടും അഴിമതിയുണ്ടെന്ന കാര്യം പുറത്ത് വന്നിരുന്നു. പരീക്ഷാ ഭവന്‍ സെക്രട്ടറി എസ് രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ മറ്റൊരു കേസും ഇതോടൊപ്പം സി.ബി.ഐ കോടതിയുടെ പരിഗണനയിലുണ്ട്. ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്റേഴ്‌സിലെ ജനറല്‍ മാനേജര്‍ രാജന്‍ വി ചാക്കോ, അന്നമ്മ വി ചാക്കോ, കണിയാപുരം എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന സി പി വിജയന്‍ നായര്‍ തുടങ്ങിയവരാണ് കേസിലെ മറ്റുപ്രതികള്‍.