തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്ന് തുടങ്ങും. പതിമൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണപരീക്ഷയെഴുതുന്നത്. ഹയര്‍സെക്കന്ററി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുക.

2732കേന്ദ്രങ്ങളിലായി 4,58,887 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. ഇതില്‍ 2,28,653 പേര്‍ ആണ്‍കുട്ടികളും 2,30,234 പേര്‍ പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയില്‍ നിന്നുമാണ്-75,556 പേര്‍. കുറവ് വയനാട്ടിലും-11,069 പേര്‍.

എസ്.എസ്.എല്‍.സിക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 8,721 പേര്‍ കുടുതലാണ്. 4,752 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതുന്നുണ്ട്. ഉച്ചയ്ക്ക് 2 മണിക്കാണ് ആരംഭിക്കുക. 1.30നു തന്നെ പരീക്ഷാര്‍ഥികള്‍ ഹാളില്‍ പ്രവേശിക്കണം. 1.45ന് ചോദ്യപേപ്പര്‍ നല്‍കും. 15 മിനിറ്റ് സമാശ്വാസസമയമാണ്.