തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു. ആദ്യ ദിവസം തന്നെ ചോദ്യപ്പേര്‍ മാറി നല്‍കലും ആശയക്കുഴപ്പങ്ങളും ഉണ്ടായി. പാറശ്ശാല ഇവാന്‍സ് ഹൈസ്‌കൂളിലാണ് പരീക്ഷയുടെ ആദ്യദിനം തന്നെ അബദ്ധം പിണഞ്ഞത്. സംഭവത്തില്‍ പ്രധാനാദ്ധ്യാപകനടക്കം നാലു അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

20 പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ വിദ്യാര്‍ഥികളുടെ ചോദ്യപേപ്പര്‍ നല്‍കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചോദ്യപേപ്പറിനെ കുറിച്ച് രണ്ടു മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തോന്നിയ സംശയമാണ് അധ്യാപകര്‍ ഇക്കാര്യം പരിശോധിക്കാന്‍ കാരണം. ചോദ്യപേപ്പര്‍ മാറിയെന്ന് മനസ്സിലായ അധ്യാപകര്‍ പ്രസ്തുത ഹളില്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ കോമ്പൗണ്ടിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോട് ക്ലാസ്സില്‍ കയറാന്‍ പറഞ്ഞു. വീട്ടില്‍ പോയ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വാഹനത്തില്‍ തിരികെ കൊണ്ടുവന്നു. പിന്നീട് ഇവര്‍ക്ക് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ നല്‍കി വീണ്ടും പരീക്ഷ നത്തുക ശേഷം വീണ്ടും പരീക്ഷ നടത്തി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന്, പ്രധാന അദ്ധ്യാപകനടക്കം നാലു അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും മാറ്റിയിട്ടുണ്ട്.

കേരളത്തില്‍, 4,70,100 കുട്ടികളാണ് ഈവര്‍ഷം പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതിനേക്കാള്‍ 11,213 പേര്‍ അധികമാണ് ഇത്തവണ. പ്രൈവറ്റായി 7,313 പേര്‍ പരീക്ഷ എഴുതുന്നന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ (74,726 പേര്‍) പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് (13,333 പേര്‍) ഇടുക്കി ജില്ലയിലാണ്.

ആകെയുള്ള 2,758 കേന്ദ്രങ്ങളില്‍ ലക്ഷദ്വീപില്‍ ഒന്‍പതും ഗള്‍ഫില്‍ പത്തും കേന്ദ്രങ്ങളുണ്ട്. വെള്ളിയാഴ്ചകളില്‍ പരീക്ഷ ഇല്ല. 17-ാം തിയ്യതിയിലെ പരീക്ഷ പിറവം ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 26-ാം തിയ്യതിയിലേക്ക് മാറ്റിയിട്ടുണ്ട്. 26നാണ് പരീക്ഷകള്‍ അവസാനിക്കുക.

Malayalam news

Kerala news in English