തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. മൂന്ന് വിഭാഗങ്ങളിലുമായി ആകെ 13.01 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കും. 2729 കേന്ദ്രങ്ങളിലായി 4,56,518 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയെഴുതുന്നത്. ഇതില്‍ 11 കേന്ദ്രം ഗള്‍ഫിലും ഒമ്പതു കേന്ദ്രം ലക്ഷദ്വീപിലുമാണ്. കേരളത്തില്‍ 2709 കേന്ദ്രങ്ങളാണ് ഉളളത്. ഉച്ചക്കു ഒന്നര മുതല്‍ വൈകീട്ട് 3.30 വരെയാണ് പരീക്ഷ. ഇതില്‍ 4,50,167 പേര്‍ റെഗുലര്‍ വിദ്യാര്‍ഥികളും 6351 പേര്‍ പ്രൈവറ്റായി പരീക്ഷയെഴുതുന്നവരുമാണ്. കഴിഞ്ഞ വര്‍ഷം 4,55,417 വിദ്യാര്‍ഥികളായിരുന്നു എസ് എസ് എല്‍ സി പരീക്ഷയെഴുതിയത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 7,98,136 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ആകെ 1723 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഇതില്‍ 61 സ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ സബ്‌സെന്ററുകളായി ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കും. ഗള്‍ഫിലും ലക്ഷദ്വീപിലും ഒമ്പതു സെന്ററുകളില്‍ വീതവും മാഹിയില്‍ നാലു സെന്ററുകളിലും പരീക്ഷ നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരീക്ഷക്ക് പ്രായോഗികവിഷയങ്ങള്‍ക്കു 12.15 വരെയും പ്രായോഗിക പരീക്ഷയില്ലാത്ത വിഷയങ്ങള്‍ക്കു 12.45 വരെയുമായിരിക്കും സമയം. ഇതില്‍ 15 മിനിറ്റ് കൂള്‍ ഓഫ് ടൈമായിരിക്കും. 2007 നു മുമ്പ് രണ്ടാംവര്‍ഷ പരീക്ഷ എഴുതി വീണ്ടും പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു മൂന്നു മണിക്കൂറാണ് പരീക്ഷാ സമയം. മാര്‍ച്ച് 27 നു പരീക്ഷകള്‍ അവസാനിക്കും.