തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ഫലപ്രഖ്യാപനം മെയ് ആദ്യവാരം നടത്താനാവുമെന്ന് ഡി പി ഐ അറിയിച്ചു. മൂല്യനിര്‍ണയ ക്യാംപുകള്‍ ഏപ്രില്‍ 5നു ആരംഭിച്ച് 24ന് അവസാനിക്കും. ആകെ 41 മൂല്യനിര്‍ണയക്യാംപുകളായിരിക്കും പ്രവര്‍ത്തിക്കുക.

അതതു ക്യാംപ് ഓഫിസറും ഡപ്യൂട്ടി ക്യാംപ് ഓഫിസറും ഓരോ ക്യാംപും നിയന്ത്രിക്കും. 890 പേര്‍ അഡീഷനല്‍ ചീഫുമാരും 9638 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും ഉള്‍പ്പെടെ 10528 ഉദ്യോഗസ്ഥര്‍ ക്യാംപിലുണ്ടാവും. 2008, 2009 വര്‍ഷങ്ങളില്‍ മൂല്യനിര്‍ണയത്തിന് അവസരം ലഭിക്കാത്തവര്‍ക്കു മുന്‍ഗണന നല്‍കിയിട്ടുണ്ട്.

27നു പരീക്ഷ അവസാനിച്ചാല്‍ 29നു മൂല്യനിര്‍ണയത്തിനായി വിഷയവിദഗ്ധരുടെ യോഗം കൊച്ചിയില്‍ ചേരും. 30, 31 തിയ്യതികളില്‍ 11 പേപ്പറുകള്‍ക്കു 11 സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകള്‍ നടക്കും. ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടി നിര്‍വഹിച്ചിട്ടുളളവരെ മാത്രമേ മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുപ്പിക്കുകയുള്ളൂ. ഭാഷാ വിഷയങ്ങളില്‍ ബി എഡ് ബിരുദമുള്ളവരെയായിരിക്കും മൂല്യനിര്‍ണയത്തിനു നിയോഗിക്കുക.

ഹയര്‍സെക്കന്‍ഡറി പരീക്ഷക്കു എല്ലാ ജില്ലകളിലും മൂല്യനിര്‍ണയ ക്യാംപുകള്‍ ഉണ്ടാവും. വി എച്ച് എസ് ഇയുടെ സ്‌കീം ഫൈനലൈസേഷന്‍ 29, 30, 31 തിയ്യതികളില്‍ മണക്കാട് വി എച്ച് എസ് ഇയില്‍ നടക്കും. നാലു കേന്ദ്രങ്ങളിലായാണ് ക്യാംപ് നടക്കുക. മെയ് അഞ്ചുമുതല്‍ 24 വരെയാണ് ക്യാംപ്് പ്രവര്‍ത്തിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷാ ഫലം മെയ് രണ്ടാംവാരം പ്രഖ്യാപിക്കും.