Categories

എസ്.എസ്.എഫ് സാഹിത്യോത്സവത്തിന് തുടക്കമായി

ap-anilkumar-in-ssf

മലപ്പുറം: നാടിന്റെ തനിമയും പാരമ്പര്യവും മാറ്റിവെച്ച്‌കൊണ്ടുള്ള കലകള്‍ പുരോഗമനമല്ലെന്ന് ടൂറിസം പിന്നാക്ക ക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കുന്നതാകണം കലയും സാഹിത്യവും. എസ് എസ് എഫ് സാഹിത്യോത്സവുകള്‍ അത്തരത്തിലുള്ളതാണ്.

ഇവിടെ മാത്രമാണ് ശാന്തമായ അന്തരീക്ഷം കാണാന്‍ കഴിയുന്നത്. ഈ ശാന്തത തന്നെയാണ് സാഹിത്യോത്സവുകളുടെ വിജയവും. വരുംകാലങ്ങളില്‍ നാടിന്റെ ധാര്‍മിക ഉത്സവായി സാഹിത്യോത്സവുകള്‍ മാറും. കലാരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഇന്ന് സാധ്യതകള്‍ ഏറെയാണ്. ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിന് നേതൃത്വം നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം. ഇതിന് വേണ്ടിയായിരിക്കണം കലകളെ ഉപയോഗപ്പെടുത്തേണ്ടത്. കലകള്‍ വിദ്യാര്‍ഥികളില്‍ ധാര്‍മികബോധം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എഫിലൂടെ കടന്ന് വരുന്നവര്‍ ധാര്‍മിക ബോധമുള്ളവരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ എസ്.എസ്.എഫിലൂടെ പിറവിയെടുത്തിട്ടുണ്ട്. ലഹരിക്കെതിരെയും സാംസ്‌കാരിക അധിനിവേശത്തിനെതിരെയുമെല്ലാം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. മുദ്രാവാക്യത്തിലൊങ്ങുങ്ങാതെ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇതിന്റെ ദൂഷ്യവശങ്ങള്‍ എത്തിക്കുന്നതില്‍ സംഘടന വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

സയ്യിദ് ഹുസൈന്‍ അഹമ്മദ് തങ്ങള്‍ തിരൂര്‍ക്കാട് പ്രാര്‍ഥന നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. പി ഉബൈദുല്ല എം എല്‍ എ, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍കലാം, പ്രൊഫ. കെ.എം.എ റഹീം, അബൂ ഹനീഫല്‍ ഫൈസി തെന്നല, മലയാള മനോരമ മലപ്പുറം ബ്യൂറോ ചീഫ് മഹേഷ് ഗുപ്തന്‍ പ്രസംഗിച്ചു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കലാം മാവൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.പി.എം ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.