കോഴിക്കോട്: തമിഴ്‌നാട്ടിലെ കൂടംകുളം ഇടിന്തകരയില്‍ കമ്മീഷന്‍ ചെയ്യാനിരിക്കുന്ന ആണവ നിലയം കേരളീയരുടെ ജീവിത സുരക്ഷക്ക് ഭീഷണിയാകുമെന്ന് വ്യക്തമായിരിക്കെ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് എസ്.എസ്.എഫ് സംസഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സുരക്ഷിതമായി ജീവിക്കാനുള്ള പൗരന്മാരുടെ മൗലീകാവകാശം ഉയര്‍ത്തിപ്പിടിച്ച തദ്ദേശവാസികള്‍ നടത്തുന്ന് സമരപരിപാടികള്‍ക്ക് കേരളം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. ലോകം മുഴുക്കെയും ആണവ പ്ലാന്റുകള്‍ ഉപേക്ഷിക്കുമ്പോള്‍ മനുഷ്യ ജീവനെപ്പോലും വെല്ലുവിളിച്ച ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് എന്‍.എം.സ്വാദിഖ് സഖാഫി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ദു ജലീല്‍ സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.