ന്യൂദല്‍ഹി: വി.എസ് അച്ച്യുതാനന്ദന് പാര്‍ട്ടി ഒരു ഘട്ടത്തിലും സീറ്റ് നിഷേധിച്ചിട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. വി.എസിന് സീറ്റ് നിഷേധിച്ചുവെന്ന് പറഞ്ഞ് പ്രകടനം നടത്തിയവര്‍ പാര്‍ട്ടി അംഗങ്ങളോ പ്രവര്‍ത്തകരോ അല്ല. വി.സ് അനുകൂല പ്രകടനം സംഘടിപ്പിച്ചത് പാര്‍ട്ടി എതിരാളികളാണ്.

വി.എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിരുന്നുവെന്നും എസ്.ആര്‍.പി വ്യക്തമാക്കി. പി.ബി നിലപാട് സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ചില്ലെന്ന വാര്‍ത്ത തെറ്റാണ്.

വി.എസ്സിന് സീറ്റ് നിഷേധിച്ചു എന്ന വാര്‍ത്ത അസംബന്ധമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെക്കുറിച്ച് കൂടുതല്‍ പറയാനാവില്ല. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവന്നത് 18നാണെന്നും അതിന് മുമ്പുള്ള വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങള്‍ മാത്രമായിരുന്നുവെന്നും എസ്.ആര്‍.പി പറഞ്ഞു.

നിയമസഭയില്‍ ഇടതുമുന്നണിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഇ.പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. പി.ശശിക്കെതിരായ പരാതി പാര്‍ട്ടി പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ നടപടിക്രമം പൂര്‍ത്തിയായിട്ടില്ല. തീരുമാനം പിന്നീട് മാത്രമേ ഉണ്ടാവുകയുള്ളൂ- അദ്ദേഹം വ്യക്തമാക്കി.