എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസ്; പാര്‍ട്ടി എടുത്ത നിലപാട് സാധൂകരിക്കപ്പെട്ടതില്‍ സന്തോഷമെന്ന് എസ്.ആര്‍.പി
എഡിറ്റര്‍
Wednesday 23rd August 2017 3:26pm

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെ പൂര്‍ണമായും സ്വീകരിക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത നിലപാട് സാധൂകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ കേസെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആ നിഗമനം ഇപ്പോള്‍ ഹൈക്കോടതി ശരിവെച്ചിരിക്കുന്നതെന്നും എസ്.ആര്‍.പി പ്രതികരിച്ചു.

ഹൈക്കോടതി വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിയുടെ നിഗമനങ്ങള്‍ സാധൂകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പിണറായി വിജയന്‍ കേസില്‍ പ്രതിയല്ല. പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ പിണറായി വിജയനെ കുറ്റക്കാരനായി കാണാനാകില്ലെന്നും വിചാരണ നേരിടേണ്ടത് വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചു.

കേസില്‍ ഒന്നാം പ്രതിയായ കെ മോഹനചന്ദ്രന്‍, ഏഴാം പ്രതി പിണറായി വിജയന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവര്‍ വിചാരണ നേരിടേണ്ടതില്ലെന്നും എന്നാല്‍ കേസ്ിലെ രണ്ട്,മൂന്ന്,നാല് പ്രതികളായ കസ്തുരി രംഗ അയ്യര്‍, കെ.ജി രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

202 പേജുള്ള വിധി ന്യായമാണ് ജസ്റ്റിസ് ഉബൈദ് വായിച്ചത്. വിധി പ്രസ്താവം പൂര്‍ണമായി വായിച്ച ശേഷം മാത്രമേ വാര്‍ത്ത നല്‍കാവൂ എന്ന് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജഡ്ജി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വാദം പൂര്‍ത്തിയായ ശേഷം തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നെന്ന് ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിക്കവേ പറഞ്ഞിരുന്നു.

Advertisement