ജയ്പൂര്‍: ഐ.പി.എല്‍ മല്‍സരം നടക്കുന്നതിനിടയില്‍ സ്‌റ്റേഡിയത്തില്‍ വച്ച് പുകവലിച്ചതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാന്‍ വെട്ടിലായി.

പൊതുസ്ഥലത്ത് പുകവലിച്ചതിനെതിരെ കിംഗ് ഖാനെതിരെ ജയ്പൂര്‍ കോടതിയില്‍ പരാതി ലഭിച്ചു.

ഏപ്രില്‍ 8ന് നടന്ന രാജസ്ഥാന്‍ റോയല്‍സ്‌കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം നടക്കുമ്പോഴാണ് ഷാരൂഖ് പുകവലിച്ചത്. ഏപ്രില്‍ 12ന് കോടതി കേസ് പരിഗണിക്കും.

‘2000 മുതല്‍ രാജസ്ഥാനില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നത് നിരോധിച്ചിരുന്നു. 1000 കണക്കിന് കാണികളുടെ മുന്നിലാണ് ഷാരൂഖ് പുകവലിച്ചത്. മാച്ച് ലൈവായി കാണിച്ച ടി.വി ചാനലുകള്‍ ഷാരൂഖിന്റെ പുകവലി രംഗം ഒഴിവാക്കിയിരുന്നില്ല.’ ജയ്പൂര്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ ആനന്ദ സിംഗ് റാത്തോറിന് വേണ്ടി പരാതി നല്‍കിയ നേം സിംഗ് റാത്തോര്‍ പറഞ്ഞു.

ക്രിക്കറ്റ് കളികാണാനെത്തുന്നവരെ പരിശോധനയ്ക്കുശേഷമേ സാധാരണയായി സ്‌റ്റേഡിയനത്തിലേക്ക് പ്രവേശിപ്പിക്കാറുള്ളൂ. സിഗരറ്റ് പോലുള്ള വസ്തുക്കള്‍ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരാനും അുവദിക്കാറില്ല. എന്നാല്‍ ഷാരൂഖിന് സിഗരറ്റ് കൊണ്ടുവന്നുവെന്നത് പോലീസിന്റെ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.