ബാംഗളൂര്‍: കര്‍ണാടകയിലെ ബെല്ലാരി റൂറല്‍ ഉപതിരഞ്ഞെടുപ്പില്‍ റെഡ്ഡി സഹോദരന്‍മാരുടെ കൂട്ടാളികളായ മുന്‍മന്ത്രി ശ്രീരാമുലുവിന് വന്‍വിജയം. ബി.ജെ.പിയും റെഡ്ഡി സഹോദരന്‍മാരും നേരിട്ടു ഏറ്റുമുട്ടിയ ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്വതന്ത്രസ്ഥാനാര്‍ഥിയായ ബി. ശ്രീരാമുലു 46,790 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി പി. ഗഡിലിംഗപ്പയ്ക്ക് മൂന്നാം സ്ഥാനത്ത് എത്താനേ ആയുള്ളു. ഖനി അഴിമതിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഇരുപക്ഷത്തിന്റെയും ശക്തിപരീക്ഷണമായിരുന്നു. സിറ്റിംഗ് എം.എല്‍.എയായിരുന്ന ശ്രീരാമുലു ഖനി അഴിമതിയെക്കുറിച്ചുള്ള ലോകായുക്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ആഗ്സ്റ്റില്‍ രാജിവക്കുകയായിരുന്നു.

ജയിലില്‍ കഴിയുന്ന ഖനി മുതലാളിയായ ജെ. ജനാര്‍ദ്ദന റെഡിയുടെ അടുത്ത അനുയായിയാണ് ശ്രീരാമുലു. ഗഡിലിംഗയ്ക്ക് 17,366 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രീരാമലുവിന് ലഭിച്ചത് 74,527 വോട്ടാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബി രാംപ്രസാദാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.

MALAYALAM NEWS
KERALA NEWS IN ENGLISH