മുംബൈ: വിജയക്കുതിപ്പുമായെത്തിയ ന്യൂസിലാന്‍ഡിനെ ശ്രീലങ്ക പിടിച്ചുകെട്ടി. മുംബൈയില്‍ നടന്ന മല്‍സരത്തില്‍ 112 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് മരതകദ്വീപുകാര്‍ സ്വന്തമാക്കിയത്. സെഞ്ച്വറിയോടെ (111) മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കുമാരം സംഗക്കാരയാണ് കളിയിലെ താരം. സ്‌കോര്‍. ലങ്ക 9/265, ന്യൂസിലാന്‍ഡ് 153

ആദ്യം ബാറ്റുചെയ്ത ലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരും രണ്ടുപേരും 20 റണ്‍സെടുക്കുന്നതിന് മുമ്പേ കൂടാരം കയറി. എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച സംഗക്കാരയും ജയവര്‍ധനയും (66) ചേര്‍ന്ന് ടീമിന് 155 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

എന്നാല്‍ ഇരുവരും പുറത്തായതോടെ ലങ്കന്‍ സ്‌കോറിംഗ് നിരക്കും കുറഞ്ഞു. ആഞ്ചലോ മാത്യൂസ് (41) മാത്രമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ലങ്കയുടെ ഏഴുബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല. കിവീസിനായി ടിം സൗത്തി മൂന്നുവിക്കറ്റെടുത്തു.

വിജയപരമ്പര തുടരാമെന്ന മോഹവുമായാണ് കിവീസ് ഓപ്പണര്‍മാര്‍ മറുപടിക്കിറങ്ങിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ലങ്കന്‍ സ്പിന്നര്‍മാരും പേസര്‍മാരും കിവീസിനെ സമ്മര്‍ദ്ദത്തിലാക്കി. 33 റണ്‍സെടുത്ത റോസ് ടെയ്‌ലറും 20 റണ്‍സെടുത്ത ഫ്രാങ്ക്‌ലിനും മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. ലങ്കയ്ക്കായി ഫോമിലേക്കുയര്‍ന്ന വെറ്ററന്‍ സ്പിന്നര്‍ മുരളീധരന്‍ നാലുവിക്കറ്റ് വീഴ്ത്തി. മെന്‍ഡിസ് രണ്ടുവിക്കറ്റ് വീഴ്ത്തി.

ഓറഞ്ച് പുളിപ്പിച്ച് ഐറിഷ് മധുരം

കൊല്‍ക്കത്ത: ഫലം പ്രസക്തമല്ലാതിരുന്ന മല്‍സരത്തില്‍ അയര്‍ന്റ് നെതര്‍ലന്റിനെ ആറുവിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍.നെതര്‍ലന്റ് 306, അയര്‍ലന്റ് 4/307. സെഞ്ച്വറി നേടിയ സ്റ്റിര്‍ലിംഗാണ് കളിയിലെ താരം.

ആദ്യം ബാറ്റുചെയ്ത നെതര്‍ലന്റ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അമ്പതുറണ്‍സിനിടെ അവരുടെ മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ ദോസ്‌ചെറ്റ് (106) ടീമിന് മികച്ച സ്‌കോര്‍ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ബോറന്‍ (84), ബരേസി (44) എന്നിവര്‍ ടീമിനായി മികച്ച കളി കാഴ്ച്ചവെച്ചു.

എന്നാല്‍ നെതര്‍ലന്റ് നിര്‍ത്തിയടത്തുനിന്നായിരുന്നു അയര്‍ലന്റ് തുടങ്ങിയത്. ആദ്യവിക്കറ്റില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഐറിഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞു. 68 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡും സെഞ്ച്വറി നേടിയ സ്റ്റിര്‍ലിംഗും (101) ടീമിനെ മുന്നില്‍ നിന്നും നയിച്ചു. തുടര്‍ന്ന് നീല്‍ ഒബ്രിയനും (57)വില്‍സണും ചേര്‍ന്ന് (27) പോരാട്ടം ഏറ്റെടുത്തു. ഒടുവില്‍ 47.4 ഓവറില്‍ ഐറിഷ് ടീം വിജയം കണ്ടു.