കൊളംബോ: ന്യൂസീലന്‍ഡിനെ തകര്‍ത്ത് ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ കടന്നു. മൂന്നാം തവണയാണ് ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ജയിക്കാന്‍ 218 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക 47.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ആറാം തവണയാണ് ന്യൂസിലന്റ് ലോക കപ്പ് സെമിയല്‍ പുറത്താവുന്നത്.


നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 48.5 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോട്ട് സ്‌റ്റൈറിസ് 57ഉം ഗപ്ടില്‍ 39ഉം റോസ് ടെയ്‌ലര്‍ 36ഉം റണ്‍സെടുത്തു.43-ാം ഓവറില്‍ 193ന് 4 എന്ന നിലയിലായിരുന്ന കീവീസ് 24 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി.

മധ്യനിരയുടെ തകര്‍ച്ചയില്‍ ലങ്ക പതറിയെങ്കിലും സമരവീരയും(23 നോട്ടൗട്ട്) എയ്ഞ്ചലോ മാത്യൂസും(14 നോട്ടൗട്ട്) ചേര്‍ന്ന് ലങ്കയെ വിജയത്തിലെത്തിച്ചു. തുടക്കത്തില്‍ അനായാസം മുന്നേറിയ ലങ്ക ദില്‍ഷനെയും, സംഗക്കാരയെയും ജയവര്‍ധനയെയും(1) തുടര്‍ച്ചായി നഷ്ടമായത് ലങ്കയുടെ സമ്മര്‍ദ്ദമേറ്റി. ഒരുഘട്ടത്തില്‍ ശ്രീലങ്ക 162ന് 1 എന്ന സ്‌കോറില്‍ നിന്ന് 169ന് 4 എന്ന നിലയില്‍ പരുങ്ങലിലായിരുന്നു. അധികം വൈകാതെ ചമര സില്‍വയും(12) പുറത്തായതോടെ ലങ്കന്‍ ആരാധകരുടെ ഹൃദയമിടിപ്പും വര്‍ദ്ദിച്ചു.

ലങ്കയ്ക്ക് വേണ്ടി തരംഗ(30) ദില്‍ഷന്‍ (73) നായകന്‍ സംഗക്കാര (54) ജയവര്‍ധന (1) ചമര സില്‍വയും (12) സമരവീരയും (23 നോട്ടൗട്ട്) എയ്ഞ്ചലോ മാത്യൂസും(14 നോട്ടൗട്ട്) റണ്‍സ് നേടി. ബൗളിംഗില്‍ ലസിത് മലിംഗയും അജന്ത മെന്‍ഡിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുത്തയ്യ മുരളീധരന്‍ രണ്ടും ഹെറാത്ത്, ദില്‍ഷന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കീവീസ് തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം സ്‌കോട് സ്റ്റൈറിസ്(57), മാര്‍ട്ടിന്‍ ഗപ്ടില്‍(39), റോസ് ടെയ്‌ലര്‍(34), വില്യാംസണ്‍(22) എന്നിവരിലൂടെ നടത്തിയ ചെറുത്തു നില്‍പ്പാണ് മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ കീവീസ് 250 കടക്കുമെന്ന് തോന്നിയെങ്കിലും 43-ാം ഓവറില്‍ പവര്‍പ്ലേ കൂട്ടത്തകര്‍ച്ചയിലാണ് കലാശിച്ചത്. ന്യൂസീലന്‍ഡിന് വേണ്ടി ടിം സൗത്തി മൂന്നും ക്യാപ്റ്റന്‍ ഡാനിയേല്‍ വെറ്റോറി, ടിം മക്കേ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.