Categories

പ്രേമദാസയില്‍ ഇംഗ്ലണ്ടിന് അന്ത്യകൂദാശ

കൊളംബോ: പ്രതീക്ഷകള്‍ തെറ്റിയില്ല, പ്രേമദാസ സ്റ്റേഡിയത്തില്‍ ടീമിന്റെ വിജയത്തിനായി ആര്‍ത്തലച്ച പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ശ്രീലങ്ക ഇഗ്ലണ്ടിനെ പത്തുവിക്കറ്റിന് തോല്‍പ്പിച്ച് സെമിയിലെത്തി. ആദ്യസെമിയില്‍ ന്യൂസിലാന്‍ഡിനെയാണ് ടീം നേരിടുക. സ്‌കോര്‍: ഇംഗ്ലണ്ട് 6/ 229, ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 231. സെഞ്ച്വറി നേടുകയും ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്ത ദില്‍ഷനാണ് കളിയിലെ താരം.

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ലങ്കന്‍ ബൗളര്‍മാര്‍
ആദ്യം ബാറ്റിംഗാരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം മെല്ലെയായിരുന്നു. മലിംഗയ്‌ക്കൊപ്പം ഓപ്പണിംഗ് ബൗളിംഗിനെത്തിയ ദില്‍ഷന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരെ നഷ്ടമായി.

തുടര്‍ന്നെത്തിയ മുരളീധരനും മെന്‍ഡിസും ഹെറാത്തും മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ബൗണ്ടറികള്‍ വറ്റി. വിക്കറ്റ് കൈവശമുണ്ടായിരുന്നെങ്കിലും 229 റണ്‍സ് നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 86 റണ്‍സെടുത്ത ട്രോട്ടും 50 റണ്‍സെടുത്ത മോര്‍ഗനും 31 റണ്‍സെടുത്ത ബൊപ്പാരയും മാത്രമാണ് ഇംഗ്ലിഷ് നിരയില്‍ തിളങ്ങിയത്.

അവസരം നല്‍കാതെ ദില്‍ഷനും തരംഗയും
മറുപടി ബാറ്റിംഗിനെത്തിയ ദില്‍ഷനും തരംഗയും ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് യാതൊരവസരവും നല്‍കിയില്ല. തന്റെ ബൗളര്‍മാരെ എല്ലാവരെയും പരീക്ഷിച്ചെങ്കിലും ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ സട്രൗസിന് കഴിഞ്ഞില്ല.

മികച്ച റണ്‍റേറ്റോടെയാണ് ശ്രീലങ്ക ലക്ഷ്യം മറികടന്നത്. 39.3 ഓവറില്‍ കളി തീര്‍ക്കുമ്പോള്‍ 102 റണ്‍സോടെ തരംഗയും 108 റണ്‍സോടെ ദില്‍ഷനും ക്രീസിലുണ്ടായിരുന്നു. ഏറെ പ്രതീക്ഷയുമായെത്തിയ ഇംഗ്ലണ്ടും അങ്ങനെ നാട്ടിലേക്ക് മടങ്ങി. പരിക്കും വിഷാദരോഗവും കാരണം പ്രമുഖ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.