പുഞ്ചിരി മാത്രം പ്രതിഫലം സ്വീകരിച്ചു കൊണ്ടാണ് താന്‍ ആധ്യാത്മിക വിപണനം നടത്തുന്നതെന്നും രവിശങ്കര്‍ പറയുകയുണ്ടായി. ഇതു പച്ചക്കള്ളമാണ്. വ്യക്തി നികാസ് കേന്ദ്ര എന്ന രവിശങ്കറിന്റെ ആധ്യാത്മിക ഷോപ്പിങ് മാളില്‍ നിന്നും ആര്‍ട്ട് ഓഫ് ലിവിങ് എന്ന ചരക്ക് സ്വന്തമാക്കാന്‍ ശ്രമിച്ച ഏതൊരു ഉപഭോക്താവുനുമറിയാം തങ്ങള്‍ ആ ചരക്കു നേടിയത് പുഞ്ചിരി കൊടുത്തിട്ടല്ല പണമെണ്ണി കൊടുത്തിട്ടാണെന്ന്. സ്വാമി വിശ്വഭദ്രാന്ദ ശക്തിബോധി എഴുതുന്നു.എസ്സേയ്‌സ് / സ്വാമി വിശ്വഭദ്രാന്ദ ശക്തിബോധി


osho യെ (ഓഷോയെ oh!show ( ഓ!ഷോ) എന്നു പരിഹസിച്ച ഒരു എഴുത്തു പാരമ്പര്യം മലയാളമനോരമക്കുണ്ട്. എന്തുകൊണ്ട് അവരിതു ചെയ്തു എന്ന ചോദ്യത്തിനു മാര്‍പ്പാപ്പക്കും, ക്രൈസ്തവസഭക്കും അമേരിക്കന്‍ ഭരണകൂടത്തിനുമെതിരെ ഓഷോ ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളായിരുന്നു കാരണം എന്നേ പറയാനാകു.

എന്നാല്‍ മറ്റൊരു oh!show തന്നെയായ, വെറും കെട്ടുകാഴ്ച മാത്രമായ ശ്രീ ശ്രീ രവിശങ്കറിനെ മലയാളമനോരമ പത്രവും ചാനലും ”ആനന്ദത്തിന്റെ വിശ്വമഹാഗുരു” എന്നൊക്കെയാണ് അവതരിപ്പിച്ചത്! ഇതിനു കാരണം രവിശങ്കര്‍ മാര്‍പ്പാപ്പക്കെതിരായോ ക്രൈസ്തവ സഭക്കെതിരാമായയോ ഒരക്ഷരം ഉരിയാടാറില്ല എന്നതു തന്നെ.

Ads By Google

എന്നാല്‍ രവിശങ്കര്‍ ഇസ്ലാമിനെതിരെയും, കമ്മ്യൂണിസത്തിനെതിരെയും ധാരാളം ഭള്ളു പറയാറുമുണ്ട്. മലയാളമനോരമക്ക് ആനന്ദ ലബ്ധിക്ക് മറ്റൊന്നും ആവശ്യമില്ല! അതിനാലാവണം രജനീഷിനെ നിന്ദിക്കുമ്പോഴും രവിശങ്കറെ വാഴ്ത്തുന്നത്! നമ്മുടെ മാധ്യമങ്ങളുടെ നിഷ്പക്ഷത ഇവ്വിധത്തിലുള്ളതാണ്!.

എല്ലാ കച്ചവടക്കാരും വ്യാപാരോത്സവം നടത്താറുണ്ട്. അദ്ധ്യാത്മിക കച്ചവടത്തിന്റെ അമരക്കാരനായ രവിശങ്കറും ആനന്ദോത്സവം നടത്തുക പതിവാണ്! പക്ഷേ ഇത്തവണ വന്നപ്പോള്‍ തൊണ്ടിസഹിതം പിടികൂടപ്പെട്ട പ്രതി കുറ്റസമ്മതം നടത്തുന്ന പോലെ രവിശങ്കര്‍ ഒരു കാര്യം തുറന്നു സമ്മതിച്ചു.

അതെ ഞാന്‍ ആദ്ധ്യാത്മികത കച്ചവടം ചെയ്യുന്ന ആളാണ്. ഭാരതീയ സംസ്‌ക്കാരവും യോഗയുമാണ് ഞാന്‍ വിപണനം നടത്തുന്നത്! ആദ്ധ്യാത്മിക കച്ചവടക്കാരന്‍ എന്ന പിണറായി വിജയന്റെ വിമര്‍ശനം ഒരു ബഹുമതിയായി കരുതുന്നു. ഇത്രയുമായിരുന്നു രവിശങ്കറിന്റെ കുറ്റസമ്മത മൊഴിയില്‍ ഉണ്ടായിരുന്നത്.

പലരും തെറ്റിധരിച്ച് സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നതു പോലെ രവിശങ്കറിന്റെ വാക്കുകള്‍ പിണറായി വിജയന്റെ വിമര്‍ശനത്തിനുള്ള മറുപടിയല്ല. മറിച്ച് പിണറായി രവിശങ്കറിനെതിരെ ഉന്നയിച്ച വിമര്‍ശനം ശരിവെക്കുന്ന സമ്മത പ്രഖ്യാപനമാണ്.

ഇക്കാര്യം രവിശങ്കറിനെക്കൊണ്ട് കൊണ്ടുതന്നെ സമ്മതിപ്പിക്കുന്നതിന് അവസരമൊരുക്കി എന്നതാണ് പിണറായി വിജയന്റെ വിജയം. കാന്തപുരത്തിന്റെ ‘തിരുകേശ പള്ളി’ വിഷയത്തിലും പിണറായി പ്രകടിപ്പിച്ച നിലപാട് മറ്റൊന്നായിരുന്നില്ല എന്നതും ഓര്‍മിക്കണം.

അതിനാല്‍ വിജയ്മല്യ, കല്ല്യാണ്‍ സില്‍ക്‌സ് ഉടമ, ഡിസി ബുക്‌സ് ഉടമ എന്നീ വ്യാപാരികളെ കാണുന്ന കണ്ണുകൊണ്ട് രവിശങ്കറിനെയും കണ്ടാല്‍ മതി. കാരണം അയാളും ഒരു കച്ചവടക്കാരന്‍ മാത്രമാണ്. വില്‍ക്കുന്ന ചരക്കിനേ വ്യത്യാസമുള്ളൂ.

ഇക്കാര്യം രവിശങ്കറിനാല്‍ തന്നെ ഏറ്റുപറയിപ്പിക്കുന്നതിനു വഴിയൊരുക്കി തന്റെ വിമര്‍ശനമെന്ന കാര്യത്തില്‍ സഖാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും തീര്‍ത്തും അഭിമാനിക്കാം. ശ്രീ ശ്രീ രവിശങ്കര്‍ ഉളുപ്പേതുമില്ലാതെ ചാനല്‍ അഭിമുഖങ്ങളിലെല്ലാം പറഞ്ഞത് കച്ചവടത്തില്‍ എന്താണ് തെറ്റായിട്ടുള്ളത് എന്നാണ്.

ഇതു മറുപടി അര്‍ഹിക്കുന്ന ഒരു പ്രസ്താവനയാണ്. ബ്രാഹ്മണര്‍ ദളിതരെയും, പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായും ചൂഷണം ചെയ്യുന്നതിലും മുതലാളിമാര്‍ തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യുന്നതിലും തെറ്റുണ്ടെന്നുള്ളത് സര്‍വ്വരും സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

ചൂഷണം തെറ്റാണെങ്കില്‍ കച്ചവടവും തെറ്റു തന്നെയാണ്. കാരണം ചൂഷണ രഹിതമായ കച്ചവടമെന്നതു കയ്പ്പില്ലാത്ത കാഞ്ഞിരക്കായ എന്നതു പോലെ തന്നെ അസംഭവ്യമാണ്. വെള്ള പുതച്ചിരുന്ന് വെളുക്കെ ചിരിച്ച്് കച്ചവടത്തില്‍ എന്താണു തെറ്റായിട്ടുള്ളതെന്നു ചോദിച്ച ശ്രീ ശ്രീ രവിശങ്കറിനുള്ള മറുപടി മിതമായ ഭാഷയിലിതാണ്.

കച്ചവടത്തില്‍ തെറ്റായിട്ടുള്ളതും എന്തിനെയും തെറ്റാക്കി തീര്‍ക്കുന്നതും അതിലടങ്ങിയിട്ടുള്ള ചൂഷണമത്രേ! ചൂഷണം അടങ്ങിയിട്ടില്ലാത്ത എന്തെങ്കിലും കച്ചവടം ശ്രീ ശ്രീ രവിശങ്കറിനു ചൂണ്ടികാണിക്കുവാന്‍ സാധിച്ചാല്‍ മാത്രമെ കച്ചവടത്തില്‍ തെറ്റായൊന്നുമില്ലെന്നു കരുതാനാകു! അതിനുള്ള ആര്‍ജ്ജവം രവിശങ്കറിനോ,അദ്ദേഹത്തിന്റെ സ്തുതി പാഠകര്‍ക്കോ ഉണ്ടോ? ഉണ്ടെങ്കില്‍ മുന്നോട്ടു വരണം.
അടുത്ത പേജില്‍ തുടരുന്നു