ന്യൂദല്‍ഹി: ശ്രീലങ്കന്‍ സൈന്യം തമിഴര്‍ക്കുനേരെ നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഡി.എം.കെ, എ.ഐ.ഡി.എം.കെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവെച്ചു. ജനീവയില്‍ നടക്കുന്ന യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സലില്‍ ശ്രീലങ്കന്‍ സൈന്യത്തിനെതിരെ നിലപാടെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇടതുപാര്‍ട്ടികളും ഈ ആവശ്യമുന്നയിച്ച് ബഹളംവെച്ചു.

‘ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ വോട്ടുചെയ്യുമെന്ന ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. പ്രധാനമന്ത്രി ഈ ഉറപ്പ് നല്‍കണം. പ്രധാനമന്ത്രീ, നിങ്ങളുടെ മൗനം അവസാനിപ്പിക്കൂ’ ഡി.എം.കെ എം.പിമാരിലൊരാള്‍ രാജ്യസഭയില്‍ പറഞ്ഞു.

‘ശ്രീലങ്കയില്‍ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് ഇന്ത്യയ്ക്കറിയാം. ഈ പ്രശ്‌നത്തില്‍ നമ്മുടെ സര്‍ക്കാരിന്റെ നിലപാടെന്താണ്.’ ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച ചെയ്തശേഷം എന്ത് നിലപാടെടുക്കണമെന്ന കാര്യം തീരുമാനിക്കാമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു. ഔപചാരികമായ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ കുറച്ചു സമയമെടുക്കും തീരുമാനമാവാനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എം.പിമാര്‍ ഈ മറുപടിയില്‍ തൃപ്തരായില്ല.

ഡി.എം.കെ മെമ്പര്‍ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി. ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ യു.എന്നിന്റെ ശ്രദ്ധയില്‍വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിനായി തമിഴ്‌നാട് നിയമസഭ ഏകകണ്‌ഠേയമായി പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് എ.ഐ.ഡി.എം.കെ എം.പി വെട്രിമാരന്‍ പറഞ്ഞു.

എല്‍.ടി.ടി വേട്ടയുടെ പേരില്‍ ശ്രീലങ്കന്‍ സേന നടത്തിയ തുല്യതയില്ലാത്ത കൂട്ടക്കുരുതിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ 12 വയസ്സുള്ള മകനെ എല്ലാ യുദ്ധ മര്യാദകളും ലംഘിച്ച് കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ചര്‍ച്ചകളെ വീണ്ടും ചൂടുപിടിപ്പിച്ചത്.

യുദ്ധ ഭൂമികളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി അന്താരാഷ്ട്ര പ്രശസ്തനായ കല്ലം മക്‌റേയുടെ ‘ശ്രീലങ്കാസ് കില്ലിങ് ഫീല്‍ഡ്‌സ്: വാര്‍ െ്രെകംസ് അണ്‍ പണിഷ്ഡ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ എന്ന 12കാരന്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഈ ചിത്രം ബുധനാഴ്ച ബ്രിട്ടനിലെ ചാനല്‍ 4 പ്രക്ഷേപണം ചെയ്യും. അതിനു മുമ്പ്തന്നെ സിനിമയിലെ ദൃശ്യങ്ങള്‍ വിവാദമായി കത്തിപ്പടരുകയാണ്. 2009 മേയ് 18ന് പകര്‍ത്തിയ വീഡിയോ ദൃശ്യത്തില്‍ ബാലചന്ദ്രന്‍ നിലത്ത് മരിച്ചുകിടക്കുന്നതായാണ് കാണിക്കുന്നത്. അരക്കെട്ട് വരെ വിവസ്ത്രമായ നിലയില്‍ കിടക്കുന്ന മൃതദേഹത്തിന്റെ നെഞ്ചില്‍ അഞ്ച് വെടിയുണ്ടകള്‍ തറച്ച പാടുണ്ട്.

ബാലചന്ദ്രന്റെ സമീപത്തായി മറ്റു ചിലരുടെ മൃതദേഹങ്ങളും കാണാം. അംഗരക്ഷകരായിരിക്കാം ഇവര്‍ എന്നാണ് കരുതുന്നത്. ബാലചന്ദ്രന്റെ കണ്‍മുന്നില്‍വെച്ചാണ് അംഗരക്ഷകരെ വധിച്ചതെന്നും അതിനുശേഷം വളരെ അടുത്തുനിന്നാണ് ഈ ബാലന്റെ നെഞ്ചില്‍ നിറയൊഴിച്ചതെന്നും ചിത്രത്തില്‍ വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സഭയില്‍ ബഹളത്തിന് വഴിവെച്ചത്.

Malayalam news

Kerala news in English