കൊളംബോ: ആഭ്യന്തര യുദ്ധത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്  യു.എന്നിന് കൈമാറില്ലെന്ന് ശ്രീലങ്ക. ലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ സൈന്യം രാജ്യത്തെ പൗരന്‍മാരെ ലക്ഷ്യമിട്ടുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ യു.എന്‍ ആവശ്യപ്പെട്ടത്.

മനുഷ്യാവകാശ മന്ത്രി മഹീന്ദ്ര സമരസിംഹെയുമായി ചര്‍ച്ച നടത്തിയശേഷം റിപ്പോര്‍ട്ട് യു.എന്‍ മനുഷ്യാവകാശ കമ്മീഷന് കൈമാറില്ലെന്ന വിലപാട്  ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രജപക്‌സെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്കെതിരായ യുദ്ധത്തിന്റെ  അവസാന നാളുകളില്‍ ആയിരക്കണക്കിന് പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നതായി യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സര്‍ക്കാരിനും പുലികള്‍ക്കും നേരെ വിരല്‍ചൂണ്ടിയ റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടത് സര്‍ക്കാരിന്റെ ഷെല്ലാക്രമണത്തിലാണെന്നും പരാമര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്തര്‍ദേശീയ തലത്തില്‍ അന്വേഷണം നടത്താനും യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനെക്കുറിച്ച് തങ്ങള്‍ തന്നെ അന്വേഷണം നടത്തുമെന്ന് പറഞ്ഞ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളുകയാണുണ്ടായത്. കഴിഞ്ഞ ഡിസംബറിലാണ് ഇത് സംബന്ധിച്ച ശ്രീലങ്കന്‍ കമ്മീഷന്റെ പുറത്തുവന്നത്. സര്‍ക്കാരിന്റെ നേരെ വിരല്‍ചൂണ്ടുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്.

Malayalam News
Kerala News in English