എഡിറ്റര്‍
എഡിറ്റര്‍
ശമ്പളത്തര്‍ക്കം : ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ കരാറിലൊപ്പിടാന്‍ വിസമ്മതിച്ചു
എഡിറ്റര്‍
Thursday 6th March 2014 5:08pm

srilanka

കൊളംബോ: പുതുക്കിയ ശമ്പളക്കരാറില്‍ ഒപ്പു വെക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ വിസമ്മതിച്ചതായി വാര്‍ത്ത. ശ്രീലങ്കയുടെ അന്താരാഷ്ട്ര മത്സരങ്ങളിലെ താരങ്ങളാണ് കരാറില്‍ ഒപ്പുവെക്കാത്തത്.

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ടീമിന് കരാര്‍ സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇതിന് താരങ്ങള്‍ മറുപടി നല്‍കിയില്ലെന്നാണ് ഡെയിലി  മിറര്‍ പത്രം റിപ്പോട്ട് ചെ്തിരിക്കുന്നത്.

കളിക്കാരുടെ ശമ്പളത്തില്‍ ഏഴു ശതമാനം വര്‍ദ്ധന അടുത്തിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വരുത്തിയിരുന്നെങ്കിലും താരങ്ങള്‍ തൃപ്തരായിരുന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനത്തോളം വര്‍ദ്ധനവാണ് താരങ്ങള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നത്. ഇത് നല്‍കാന്‍ ബോര്‍ഡ് തയ്യാറാകാത്തതാണ് താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ കളിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുള്ളത്. നിലവില്‍ ബോര്‍ഡിന്റെ വരുമാനത്തിന്റെ 58 ശതമാനവും കളിക്കാരുടെ ശമ്പളത്തിനായാണ് വിനിയോഗിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവ് ശമ്പളത്തില്‍ വരുത്തിയിട്ടുണ്ടെന്നും മുന്‍ നിര താരങ്ങള്‍ ഓരോരുത്തര്‍ക്കും 55 മില്യന്‍ വരെ ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ടെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു.

Advertisement