കൊളംബോ: റോഹിങ്ക്യന്‍ മുസ്‌ലീങ്ങളെ ‘മൃഗങ്ങളെപ്പോലെ’ ആക്രമിച്ച ലങ്കയിലെ ബുദ്ധ സന്യാസിമാര്‍ക്കെതിരെ ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ലങ്കന്‍ കാബിനറ്റ് വക്താവ് രജിത സെനരത്‌നെ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച 16 കുട്ടികളും ഏഴ് സ്ത്രീകളുമടക്കം 31 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അടങ്ങിയ ലങ്കയിലെ യു.എന്‍ സുരക്ഷാ ക്യാമ്പിനുനേരെ ആക്രമണം നടന്നിരുന്നു. ഇതിനെ അപലപിച്ചുകൊണ്ടാണ് അദ്ദേഹം ബുദ്ധ സന്യാസിമാര്‍ക്കെതിരെ ആഞ്ഞടിച്ചത്.

‘ഒരു ബുദ്ധിസ്റ്റ് എന്ന നിലയില്‍ ഈ സംഭവങ്ങളില്‍ ഞാന്‍ ലജ്ജിക്കുന്നു.’ സെനരത്‌നെ പറഞ്ഞു.

‘ഒരു കൂട്ടം സന്യാസിമാരുള്‍പ്പെട്ട ജനക്കൂട്ടം അഭയാര്‍ത്ഥി ക്യാമ്പ് ആക്രമിച്ച് ചെറിയ കുട്ടികളുള്ള അമ്മമാരെയടക്കം അടിച്ചുപുറത്താക്കി.’ അദ്ദേഹം പറയുന്നു.


Also Read: കൂടെ ജോലി ചെയ്യുന്നവരെ ഒതുക്കിനിര്‍ത്താത്ത ആളാണ് പൃഥ്വിരാജ്; അസൂയയാണ് അദ്ദേഹത്തോട്: ടോവിനോ


‘ ഇതല്ല ബുദ്ധന്‍ പഠിപ്പിച്ചത്. ഈ അഭയാര്‍ത്ഥികളോട് നമ്മള്‍ അനുകമ്പകാണിക്കണം. ആക്രമണം നടത്തിയ സന്യാസിമാര്‍ യഥാര്‍ത്ഥത്തില്‍ സന്യാസിമാരല്ല. മൃഗങ്ങളാണ്.’ അദ്ദേഹം പറഞ്ഞു.

കൊളംബോയിലെ കെട്ടിടത്തിന്റെ ഗേറ്റ് ജനക്കൂട്ടം അടിച്ചുതകര്‍ക്കുകയും ജനലുകളും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.

അഭയകേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അഭയാര്‍ത്ഥികളെ സുരക്ഷാ കേന്ദ്രത്തിലേക്കുമാറ്റി. അക്രമികളെ തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ പൊലീസ് ഉത്തരവിട്ടിട്ടുണ്ടെന്നും സെനരത്‌നെ അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയുടെ വടക്കന്‍ തീരത്ത് ബോട്ടില്‍ കണ്ടെത്തിയ 31 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അഞ്ചുമാസം മുമ്പാണ് ലങ്കന്‍ സൈന്യം രക്ഷപ്പെടുത്തി ക്യാമ്പില്‍ എത്തിച്ചത്. വര്‍ഷങ്ങളായി ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ഒരു ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടുപോകുകയായിരുന്നു.