ഹംബന്‍ടോട്ട: മികച്ച വിജയത്തോടെ ശ്രീലങ്കയും ന്യൂസിലാന്‍ഡും തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു. കാനഡയെ 210 റണ്‍സിന് മരതകദ്വീപുകാര്‍ തകര്‍ത്തപ്പോള്‍ കെനിയയെ 10വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസലാന്‍ഡ് പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്.

കാനഡയെ ദഹിപ്പിച്ച് ശ്രീലങ്ക
ദുര്‍ബലരായ കെനിയന്‍ ബൗളര്‍മാരെ ദയയില്ലാതെ പ്രഹരിച്ചാണ് ലങ്ക ബാറ്റിംഗ് തുടങ്ങിയത്. 81 പന്തില്‍ നിന്ന് ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സറും നേടി മഹേല ജയവര്‍ധനയുടെ സെഞ്വറിയാണ് (100) ലങ്കയുടെ ഇന്നിംഗ്‌സിന് നട്ടെല്ലായത്. ക്യാപ്റ്റന്‍ സംഗക്കാരയുമൊന്നിച്ച് (92) 179 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ജയവര്‍ധനയ്ക്ക് കഴിഞ്ഞു.

ദില്‍ഷന്‍ (50) തരംഗ (19) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മറുപടി ബാറ്റിംഗിനറങ്ങിയ കാനഡയുടെ ഇന്നിംഗ്‌സ് 122 റണ്‍സിന് അവസാനിച്ചു. ആഷിഷ് ബഗായിയും (22) റിസ്വാന്‍ ചീനയും (37) മാത്രമാണ് കാനഡയ്ക്കായി കുറച്ചെങ്കിലും പൊരുതിയത്. ജയവര്‍ധനയാണ് കളിയിലെ താരം.

ജയത്തോടെ കിവീസ്
കെനിയയെ പത്തുവിക്കറ്റിന് തകര്‍ത്താണ് ന്യൂസിലാന്‍ഡ് തങ്ങളുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യം ബാറ്റുചെയ്ത കെനിയ വെറും 69 റണ്‍സിന് തകര്‍ന്നടിഞ്ഞു. അഞ്ചോവറില്‍ 16 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത ബെന്നറ്റിന്റെ പ്രകടനമാണ് കിവീസിന് തുണയായത്.

ടിം സൗത്തി, ജേക്കബ് ഓറം എന്നിവര്‍ മൂന്നുവിക്കറ്റു വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് വെറും എട്ടോവറില്‍ കളിതീര്‍ത്തു. 39 റണ്‍സെടുത്ത ഗുപ്റ്റിലും 26 റണ്‍സെടുത്ത മക്കുല്ലവും പുറത്താകാതെ നിന്നു. ബെന്നറ്റാണ് മാന്‍ ഓഫ് ദ മാച്ച്.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -2
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -0
f പാക്കിസ്ഥാന്‍ -0
g സിംബാവേ -0

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -2
b ബംഗ്ലാദേശ് -0
c ഇംഗ്ലണ്ട് -0
e ദക്ഷിണാഫ്രിക്ക -0
f വെസ്റ്റ്ഇന്‍ഡീസ് -0
g അയര്‍ലാന്റ് -0
h നെതര്‍ലാന്റ് -0