Categories

ശ്രീശാന്ത് ജയില്‍ മോചിതനായി, നാട്ടിലേക്ക് നാളെ മടങ്ങും

sreesanth

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പിടിയിലായ രാജസ്ഥാന്‍ റോയല്‍സ് താരവും മലയാളിയുമായ ശ്രീശാന്ത് ജയില്‍ മോചിതനായി.

26 ദിവസത്തെ ജയില്‍ വാസത്തിന്  ശേഷമാണ് ശ്രീശാന്ത് ജയില്‍ മോചിതനായത്. കേസില്‍ ഇന്നലെയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്ചത്. ദല്‍ഹിയിലെ സാകേത് കോടതിയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്ചിരുന്നത്. ശ്രീശാന്തിനെ കൂടാതെ മറ്റ്  18 പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Ads By Google

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 8.20 ഓടെയാണ് ശ്രീശാന്ത് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.  ശ്രീശാന്തിനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ജയില്‍വളപ്പിലുണ്ടായിരുന്നു.

രാവിലെ ജയില്‍മോചിതനാകുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ രാത്രിയാകുകയായിരുന്നു.

ശ്രീശാന്തിനെതിരെ വഞ്ചനക്കും, ഗൂഢാലോചനക്കും പ്രഥമ ദൃഷ്ടി തെളിവില്ലെന്നും കോടതി പറഞ്ഞിരുന്നു.  ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി തള്ളുകയായിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരുന്നത്.  പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസില്‍ ശ്രീശാന്തിനെതിരേ എന്ത് തെളിവ് ഹാജരാക്കാന്‍ കഴിയുമെന്ന് പോലീസിനോട് കോടതി ചോദിച്ചു. അറസ്റ്റിലായി ഒരു മാസം കഴിഞ്ഞിട്ടും ഫോണ്‍ ചോര്‍ത്തിയ രേഖകള്‍ മാത്രമാണ് ദല്‍ഹി പോലീസിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞത്.

ശ്രീശാന്തും സുഹൃത്ത് ജിജു ജനാര്‍ദ്ദനും തമ്മില്‍ സംസാരിച്ച ഫോണ്‍ സംഭാഷണങ്ങളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ കോഴയുമായി ബന്ധപ്പെട്ട് ഒരു സംസാരവുമില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. തെളുവുകള്‍ സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല.

കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് മക്കോക നിയം ചുമത്തിയതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ഈ വകുപ്പല്ല ചേര്‍ക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ശ്രീശാന്തിനെതിരെ മക്കോക്ക നിയമം ചുമത്തിയതിന് ദല്‍ഹി പോലീസിനെതിരെ സാകേത് കോടതി നേരത്തെ  രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

മക്കോക്ക ചുമത്തിയതിന് എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളതെന്നും, ഓണ്‍ലൈന്‍ വഴി ലക്ഷ കണക്കിനാളുകാള്‍ വാതുവെപ്പ് നടത്താറുണ്ട്. ഇവര്‍ക്കെതിരെയൊക്കെ മക്കോക്ക നിയമം ചാര്‍ത്തുമോ എന്നും കോടതി ചോദിച്ചിരുന്നു.

ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നീ രാജസ്ഥാന്‍ കളിക്കാരേയും, ഏഴ് വാതുവെപ്പ്കാരെയുമായിരുന്നു  ദല്‍ഹി പോലീസ് നേരത്തെ  അറസ്റ്റ് ചെയ്തിരുന്നത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനമായിരുന്നു ശ്രീശാന്ത് കാഴ്ചവെച്ചിരുന്നത്. എന്നാല്‍ വാതുവെപ്പുമായി നേരത്തെ അറസ്റ്റിലായ സഹകളിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജയില്‍ മോചിതനായ ശ്രീശാന്ത് നാളെ നാട്ടിലെത്തുമെന്ന്  അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.