ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളാതാരം എസ്. ശ്രീശാന്ത് തിരിച്ചുവരുന്നു. കാല്‍ വിരലിനേറ്റ പരിക്കുമൂലം ദീര്‍ഘനാളായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശ്രീശാന്ത്.

2012 അവസാനത്തോടെ പരിക്കില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. 2011 ലെ ലോകകപ്പിന് ശേഷം ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നില്ല.

Ads By Google

മൂന്ന് മാസം കൊണ്ട് താന്‍ പൂര്‍ണ്ണ ആരോഗ്യവാനാകുമെന്നും ഇപ്പോള്‍ തനിക്ക് ഓടാന്‍ സാധിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നല്‍കുകയാണ് ഇപ്പോള്‍ ശ്രീശാന്ത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന കാലം ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനായി ഉപയോഗിച്ചെന്നും ശ്രീ പറയുന്നു.

27 ടെസ്റ്റ് മാച്ചുകളില്‍ നിന്നും 87 വിക്കറ്റുകളും 53 ഏകദിന മത്സരങ്ങളില്‍ നിന്നായി 75 വിക്കറ്റുകളും ആണ് ശ്രീശാന്ത് ഇതുവരെ നേടിയത്. 2006 ലാണ് ശ്രീ ആദ്യമായി ഇന്ത്യക്ക് വേണ്ടി പന്തെറിയുന്നത്.