എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്തിന്റെ വിമാനയാത്ര വിവാദത്തില്‍
എഡിറ്റര്‍
Thursday 14th June 2012 2:43pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്തിന് വിവാദങ്ങളൊഴിഞ്ഞ് നേരമില്ല. ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം താരം എന്തെങ്കിലും വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കും. ഇന്നിപ്പോള്‍ വിവാദം നടക്കുന്നത് ഭൂമിയില്‍ വെച്ചല്ലെന്നു മാത്രം. ബാംഗ്ലൂര്‍ ദല്‍ഹി ഫൈറ്റില്‍ വെച്ചാണ് വിവാദത്തിനിടയായ സംഭവം നടക്കുന്നത്.

ബാംഗ്ലൂര്‍ ദല്‍ഹി ഫ്‌ളെറ്റില്‍ യാത്രചെയ്യുന്നതിനിടെ ശ്രീശാന്ത് മോശമായി പെരുമാറി എന്നു പറഞ്ഞ് യാത്രക്കാരനായ ടി.ആര്‍ രവിചന്ദ്രനാണ് പരാതിയുമായി രംഗത്തെത്തിയത്.

എമര്‍ജന്‍സി എക്‌സിറ്റ് വാതിലിനടുത്തുള്ള സീറ്റില്‍ ഇരിക്കരുതെന്ന് രവിചന്ദ്രന്‍ പറഞ്ഞപ്പോള്‍ ശ്രീശാന്ത് തന്നോട് മോശമായ ഭാഷയില്‍ പ്രതികരിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. ശ്രീശാന്തിന്റെ പിടിവാശിമൂലം ഫ്‌ളൈറ്റ് പുറപ്പെടാന്‍ വൈകിയെന്നും രവിചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പബ്ലിക്കിനോട് എങ്ങനെ പെരുമാറണമെന്ന് തനിയ്ക്ക് അറിയാമെന്നും ശ്രീശാന്ത് പറഞ്ഞു. ഞാന്‍ തെറ്റായ രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്ന താരമാണ് ഞാന്‍. എനിയ്ക്കറിയാം എങ്ങനെയാണ് ഒരാളോട് പെരുമാറേണ്ടതെന്ന്- ശ്രീശാന്ത് വ്യക്തമാക്കി.

എമര്‍ജന്‍സി എക്‌സിറ്റിനടുത്തുള്ള 29 എ സീറ്റാണ് ശ്രീശാന്തിന് അനുവദിച്ചത്. എന്നാല്‍ പരിക്ക് പറ്റി ചികിത്സ കഴിഞ്ഞുവരുന്ന ശ്രീശാന്ത് ആ സീറ്റില്‍ ഇരിക്കുന്നതിനെ വിമാനഅധികൃതരും അനുവദിച്ചിരുന്നില്ല. ശ്രീയോട് അവിടെ നിന്നും മാറിയിരിക്കണമെന്ന് ചില യാത്രക്കാരും ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീശാന്ത് കുട്ടികളെ പോലെ ആ സീറ്റില്‍ നിന്നും മാറില്ലെന്ന് വാശിപിടിക്കുകയായിരുന്നെന്നാണ് പറയുന്നത്. ഈ കാരണം കൊണ്ട് തന്നെ ഫ്‌ളൈറ്റ് പുറപ്പെടാന്‍ 15 മിനുട്ട് വൈകിയെന്നും പരാതിയുണ്ട്.

എന്നാല്‍ എന്തിനാണ് അവര്‍ തന്നോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. തന്റെ അടുത്ത് ഇരിക്കാന്‍ മറ്റൊരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. അപ്പോള്‍ താന്‍ മാറിയിരുന്നാല്‍ എങ്ങനെ ശരിയാവുമെന്നും ശ്രീശാന്ത് ചോദിച്ചു.

‘ഞാന്‍ പാട്ട് കേട്ട് ഇരിക്കുകയായിരുന്നു. പരാതിക്കാരന്‍ പറഞ്ഞതുപോലെ ഞാന്‍ അയോളോട് ഒന്നും സംസാരിച്ചിട്ടില്ല. എനിയ്ക്ക് 2 മണിക്കൂര്‍ യാത്രയുണ്ടായിരുന്നു. ഞാന്‍ സീറ്റില്‍ ഇരിക്കാന്‍ വന്നപ്പോള്‍ അയാള്‍ പറഞ്ഞു അവിടെ ഇരിക്കാന്‍ പാടില്ല എന്ന്. അത് തന്റെ സീറ്റാണെന്നും അവിടെ ഇരിക്കണമെന്നും ഞാന്‍ പറഞ്ഞു. ഇതാണ് ആകെ ഉണ്ടായ സംസാരം. എനിയ്ക്ക് വീല്‍ ചെയര്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകിയതുകാരണം ഞാന്‍ ഓടിയാണ് ഫ്‌ളൈറ്റില്‍ കയറിയത്. അങ്ങനെയുള്ള തനിയ്‌ക്കെന്തിനാണ് വീല്‍ ചെയര്‍ ‘ – ശ്രീശാന്ത് ചോദിച്ചു.

Advertisement