എഡിറ്റര്‍
എഡിറ്റര്‍
ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി
എഡിറ്റര്‍
Wednesday 5th July 2017 2:56pm

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനത്തു നിന്നും മാറ്റി. എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ആയാണ് ശ്രീറാമിന് നിയമനം നല്‍കിയിരിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്.

വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയതാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നാല് വര്‍ഷം സര്‍വീസുള്ളവരെ മാറ്റുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് ഈ നിര്‍ദ്ദേശം വെച്ചത്. അതേസമയം, റവന്യൂ മന്ത്രി യോഗത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Also Read: ‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


മൂന്നാറിലെ വിവാദ കൈയ്യേറ്റ ഭൂമി ഏറ്റെടുക്കലിലൂടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ശ്രദ്ധേയനാകുന്നത്. സബ് കളക്ടര്‍ എന്ന നിലയില്‍ ഭൂമാഫിയയ്‌ക്കെതിരെ ശ്രീറാം സ്വീകരിച്ച നടപടികള്‍ പല കോണില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. മൂന്നാറിലെ സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം അടക്കം രംഗത്തെത്തിയിരുന്നു.

മൂന്നാറിലെ സ്വകാര്യ ഹോംസ്റ്റേയായ ലൗഡേല്‍ ഒഴിപ്പിക്കലിന് എതിരെ ഉടമ വി.വി. ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു കോടതി ഹര്‍ജി തള്ളിയത്. ലൗഡേല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടവും 22 സെന്റ് സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

Advertisement