തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറകളില്‍ നിന്ന് കണ്ടെടുത്ത അമൂല്യനിധി നിക്ഷേപത്തിന്റെ ശാസ്ത്രീയ കണക്കെടുപ്പ് ഇന്നു തുടങ്ങും. സുപ്രീം കോടതി നിയമിച്ച വിദഗ്ദ സമിതിയാണ് അപൂര്‍വ്വ നിധിശേഖരം അളന്ന് തിട്ടപ്പെടുത്തുന്നത്. ഇതിനായി അഞ്ചംഗവിദഗ്ധസമിതി അംഗങ്ങള്‍ തലസ്ഥാനത്തെത്തി.

ഇന്നു രാവിലെ 11ന് പടിഞ്ഞാറേ നടയിലുള്ള മതിലകം ഓഫീസില്‍ സമിതി യോഗം ചേര്‍ന്നതിന് ശേഷം മൂല്യനിര്‍ണയ ജോലികളിലേക്കു കടക്കും.ദേശീയ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് ചാന്‍സലര്‍  സി.വി. ആനന്ദബോസ് അദ്ധ്യക്ഷനായ സമിതിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിലെ ബി.വി. രാജ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.കെ. ഹരികുമാര്‍, റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ മേധാവി പ്രഫ. എം. വേലായുധന്‍ നായര്‍ എന്നിവര്‍ അംഗങ്ങളാണ്.

ഇവര്‍ക്കു പുറമെ, കോടതി നിശ്ചയിച്ച നിരീക്ഷണ സമിതി അംഗങ്ങളായ മുന്‍ ജസ്റ്റിസ് എം.എന്‍. കൃഷ്ണന്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജയകുമാര്‍ എന്നിവരും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയോ, അദ്ദേഹത്തിന്റെ പ്രതിനിധിയോ കണക്കെടുപ്പില്‍ പങ്കെടുക്കും.

നേരത്തെ സുപ്രീംകോടതി നിയോഗിച്ച ഏഴംഗ സമിതി അഞ്ച് അറകളില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷമായിരുക്കും മൂല്യനിര്‍ണ്ണയത്തിലേക്ക് കടക്കുക. ഇതുവരെ തുറക്കാത്ത ‘ബി നിലവറയുടെ കാര്യവും മറ്റു നിലവറകളില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ എങ്ങനെ സൂക്ഷിക്കണമെന്നതും സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. സുരക്ഷാ സംബന്ധിച്ച  നിര്‍ദേശങ്ങളും വിദഗ്ധ സമിതി നല്‍കുമെന്നാണറിയുന്നത്.

വിദ്ഗദസമിതി യോഗത്തിനായി ശനിയാഴ്ച രാത്രി തന്നെ തിരുവനന്തപുരത്തെത്തിയ സമിതി അധ്യക്ഷന്‍ ആനന്ദബോസ് ഇന്നലെ രാവിലെ എട്ടരയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അര മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവിട്ട അദ്ദേഹം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെയും സന്ദര്‍ശിച്ചിരുന്നു. അഞ്ചംഗസമിതിയിലെ മറ്റ് നാല് പേര്‍ ഇന്നലെ രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്.