സേതുവിന്റെ ദേശത്തിന്റെ വിജയം എന്ന ചെറുകഥയെ ആസ്പദമാക്കി ജോ ചാലിശ്ശേരി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമായ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം ഓണത്തിന് തിയേറ്ററുകളിലെത്തും.

ശ്രീനിവാസനും നിവിന്‍ പോളിയുമാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനിയയും രാജശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍.

Ads By Google

സ്‌കൂള്‍ അധ്യാപകനായ മാധവന്‍ കുട്ടിയെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മുരളിയായി നിവിന്‍ പോളിയുമെത്തുന്നു. തട്ടത്തിന്‍ മറയത്തിന് ശേഷം നിവിന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം.

ഇന്നസെന്റ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, എന്‍.എല്‍. ബാലകൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, കെ.പി.എ.സി. ലളിത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റഫീഖ് അഹമ്മദും മോഹന്‍ സിത്താരയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.