ആലപ്പുഴ: നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരത്തില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പൊലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി അമ്മ സംഘടന മാറുകയാണെന്നും ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.


Dont Miss നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ; തെരഞ്ഞെടുപ്പ് കാമ്പയിനിടെ പ്രദേശത്തെ പവര്‍കട്ട് വിഷയം ഉന്നയിച്ച യുവാവിനോട് പൊട്ടിത്തെറിച്ച് ആന്ധ്രാമുഖ്യമന്ത്രി


അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം അമ്മയ്ക്ക് വലിയ പ്രസക്തിയൊന്നും ഇല്ല. താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും എന്നാല്‍ അത് സിനിമാ മേഖലയുടെ കുഴപ്പമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു അടുത്തിടെ ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നത്.

അതേസമയം സിനിമാ രംഗത്ത് ചൂഷണങ്ങളുണ്ടോയെന്ന ചോദ്യത്തില്‍ നിന്ന് ശ്രീനിവാസന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അത്തരം അനുഭങ്ങള്‍ മറ്റാര്‍ക്കെങ്കിലുമുണ്ടായതായി അറിയില്ല. സിനിമയില്‍ നിലനില്‍ക്കുവാന്‍ ഗോഡ്ഫാദര്‍മാര്‍ ആവശ്യമാണെന്ന റിമ കല്ലിങ്കലിന്റെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും അന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

സമൂഹത്തില്‍ ആകെ ഇത്തരം പ്രശ്‌നങ്ങളുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സിനിമാ മേഖലയുമായി മാത്രം കോര്‍ത്തിണക്കി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.