പത്മശ്രീ സൂപ്പര്‍സ്റ്റാര്‍ ഡോ. സരോജ്കുമാറിലെ സരോജ്കുമാര്‍ എന്ന കഥാപാത്രത്തിന് മലയാള സിനിമയിലെ ചിലരുമായി സാമ്യമുണ്ടെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്രീനിവാസന്‍. ഒരു ചാനല്‍ അഭിമുഖത്തിനിടയിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ കണ്ട ചില താരങ്ങളുമായി സരോജ്കുമാറിന് സാമ്യമുണ്ട്. മലയാള സിനിമയിലെ തെറ്റായപ്രവണതകള്‍ തുറന്നുകാട്ടുകയെന്ന ഉദ്ദേശത്തോടെയാണ് ഈ ചിത്രം പുറത്തിറക്കിയത്. ഇതെല്ലാം പലര്‍ക്കും അറിയാം. പക്ഷെ ആരും ഇതുവരെ തുറന്നുപറഞ്ഞില്ലെന്ന് മാത്രമേയുള്ളൂ. ആരും പറഞ്ഞില്ലെന്നതുകൊണ്ട് താനും പറയില്ല എന്ന് പറഞ്ഞ് മാറിനില്‍ക്കാനാവില്ലെന്നും നടന്‍ വ്യക്തമാക്കി.
മലയാള സിനിമയിലെ ചില തെറ്റായഭാവങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ഉദയനാണ് താരം എന്നചിത്രം. ഉദയനാണ് താരത്തില്‍ നിന്നും സരോജ്കുമാറിലെത്തുമ്പോള്‍ ഈ പ്രവണതകള്‍ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഉദയനാണ് താരത്തില്‍ അല്പം കൂടി രൂക്ഷമായി വിമര്‍ശനമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ “ചിലര്‍” ചിത്രത്തോട് സഹകരിക്കാതെ ഇറങ്ങിപ്പോകാനുള്ള സാധ്യത മുന്നില്‍കണ്ട് ആ ഭാഗങ്ങള്‍ വെട്ടിമാറ്റുകയായിരുന്നെന്നും ശ്രീനി പറഞ്ഞു.
